- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്ക് ഇരുട്ടിലായത് കമ്പനി കള്ളം പറയുന്നു എന്ന് മുൻ ജീവനക്കാരി തുറന്നടിച്ചതിന് പിന്നാലെ; വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി ഫേസ്‌ബുക്ക് പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫ്രാൻസസ് ഹോഗൻ
ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഏഴുമണിക്കൂറിലേറെ പണിമുടക്കിയത് എന്തുകൊണ്ട് ആയിരുന്നു? 44,732 കോടി നഷ്ടം വരുത്തി വച്ച ഈ പണിമുടക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നെറ്റ് വർക്ക് ട്രാഫിക് ഏകോപിപ്പിക്കുന്ന റൂട്ടറുകളിൽ വന്ന കോൺഫിഗ്യുറേഷൻ മാറ്റത്തിനെയാണ് ഫേസ്‌ബുക്ക് പഴിക്കുന്നത്. ആരാണ് ഈ മാറ്റം വരുത്തിയതെന്നും ആസൂത്രിതമാണോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ആഭ്യന്തരമായി ഉണ്ടായ അബദ്ധമാവാം കാരണമെന്നും റിപ്പോർട്ടുകൾ വരുന്നു. ഇന്നലെ രാത്രി 9 മണിയോടെ കമ്പനിയുടെ ആഭ്യന്തര ടൂളുകളും ഓഫ്‌ളൈനായി പോയത് പ്രശ്‌നം പരിഹരിക്കാൻ കാലതാമസം വരുത്തി. കോവിഡ് മൂലം ഡാറ്റ സെന്ററുകളിലെ ആൾക്ഷാമവും പ്രശ്‌നം വഷളാക്കി. എന്തായാലും ഇതിനൊപ്പം ചേർത്തുവായിക്കേണ്ട വേറൊന്ന് വിസിൽ ബ്ലോവറായ ഫ്രാൻസസ് ഹോഗൻ ഫേസ്‌ബുക്കിന് എതിരെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പണിമുടക്ക് ഉണ്ടായത് എന്നതാണ്. സിബിഎസ് ന്യൂസിലെ 60 മിനിറ്റ്‌സ് എന്ന അഭിമുഖത്തിൽ ഹോഗൻ കാര്യങ്ങൾ തുറന്നടിച്ചു.
ഫേസ്‌ബുക്ക് പലതും മറച്ചുവയ്ക്കുന്നു
ചുരുക്കി പറഞ്ഞാൽ ഫേസ്‌ബുക്ക് പലതും മറച്ചുവയ്ക്കുന്നുവെന്നാണ് ഡാറ്റ സയന്റിസ്റ്റായ മുൻജീവനക്കാരി ഫ്രാൻസസ് ഹോഗന്റെ മുഖ്യ ആരോപണം. ഫേസ്‌ബുക്ക് സമൂഹത്തിൽ വെറുപ്പും തെറ്റായ വിവരങ്ങളും, രാഷ്ട്രീയ അസ്ഥിരതയും പെരുപ്പിക്കുന്നു എന്ന് കമ്പനി സ്വന്തം ഗവേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, തങ്ങൾക്ക് അറിയാവുന്ന ഇക്കാര്യം കമ്പനി മറച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം യുഎസ് ഫെഡറൽ നിയമ വകുപ്പിന് പരാതി നൽകിയ അജ്്ഞാതയായ മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ ആയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഇൻസ്റ്റാഗ്രാം കൗമാരക്കാരായ പെൺകുട്ടികൾക്ക് ദോഷം ചെയ്യുന്നുവെന്നായിരുന്നു പരാതിയിലെ ഉള്ളടക്കങ്ങളിൽ ഒന്ന്. മെയിലാണ് ഫ്രാൻസസ് ഹോഗൻ എന്ന 37 കാരി ഫേസ്‌ബുക്ക് വിട്ടത്. വാൾസ്ട്രീറ്റ് ജേണലിലാണ് പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കഴിഞ്ഞദിവസം സിബിഎസ് ന്യൂസിൽ അവർ സ്വയം വെളിപ്പെടുത്തിയതോടെ കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു.
ആരാണ് ഫ്രാൻസസ് ഹോഗൻ?
അയോവ സ്വദേശിയായ ഡാറ്റ സയന്റിസ്റ്റാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദധാരി. ബിസിനസിൽ ഹാർവാഡ് മാസ്റ്റേഴ്‌സ് ബിരുദം. 15 വർഷത്തോളം ഗൂഗിൾ, പിൻ ഇന്ററസ്റ്റ് തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്തു.
പൊതുജന നന്മയും, ഫേസ്‌ബുക്കിന്റെ ബിസിനസ് നന്മയും രണ്ടുവഴിക്കാണ് എന്നാണ് ഫ്രാൻസസ് ഹോഗൻ പറയുക. വിരുദ്ധ താൽപര്യങ്ങൾ. അങ്ങനെ ആന്തരിക സംഘർഷം വന്നപ്പോൾ ഫേസ്‌ബുക്ക് കൂടുതൽ പണം ഉണ്ടാക്കാൻ തീരുമാനിച്ചു. മറ്റുപല സോഷ്യൽ നെറ്റ് വർക്കുകളും കണ്ടിട്ടുണ്ടെങ്കിലും ഫേസ്‌ബുക്കിൽ കാര്യങ്ങൾ വഷളായിരുന്നു.
ഫേസ്‌ബുക്കിന്റെ ഇന്റേണൽ റിസർച്ചിന്റെ ആയിരക്കണക്കിന് കോപ്പികൾ ഫ്രാൻസസ് ഹോഗൻ രഹസ്യമായി പകർത്തി. വിദ്വേഷവും അക്രമവും, തെറ്റായ വിവരങ്ങളും അടങ്ങിയ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചു എന്ന് കമ്പനി പൊതുജനത്തോട് നുണ പറയുകയാണെന്ന് രേഖകൾ തെളിയിക്കുന്നു. പരസ്പരം ഉള്ള വിശ്വാസത്തെ തകർക്കും വിധം വിദ്വേഷവും വെറുപ്പും, ദേഷ്യവും പകയും, ജനിപ്പിക്കുന്ന, സമൂഹത്തെ ധ്രുവീകരിക്കുന്ന അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിൽ ഫേസ്‌ബുക്കാകട്ടെ സമൂഹത്തെ വെട്ടിമുറിക്കുകയും ലോകമെമ്പാടും വംശീയ അക്രമങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നെന്ന് ഫ്രാൻസസ് ഹോഗൻ പറഞ്ഞു. 2018 ൽ മ്യാന്മറിൽ കൂട്ടനരഹത്യക്ക് സൈന്യം ഉപയോഗിച്ചത് ഫേസ്‌ബുക്കിനെ ആണെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
2019 ലാണ് ഫ്രാൻസസ് ഹോഗൻ ഫേസ്‌ബുക്കിൽ ചേർന്നത്. തെറ്റായ വിവര വിനിനയത്തിന് എതിരെ പ്രവർത്തിക്കാൻ കഴിയും എന്ന ഉറപ്പിലാണ് ജോലിയിൽ ചേർന്നത്. ഓൺലൈൻ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ പെട്ട് ഒരു സുഹൃത്തിനെ നഷ്ടമായതുകൊണ്ടാണ് അങ്ങനെ നിർബന്ധം പിടിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വിവര വിനിമയം തടയാൻ ചുമതലയുള്ള സിവിക് ഇന്റഗ്രിറ്റിയിലായിരുന്നു ജോലി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കലാപം ഒന്നും ഉണ്ടായില്ലെന്നും പറഞ്ഞ് ഫെയ്‌സബുക്ക് സിവിക് ഇന്റഗ്രിറ്റി വിഭാഗം പിരിച്ചുവിട്ടു.
ഫേസ്‌ബുക്കിന്റെ പ്രശ്‌നം എന്ത്?
ഫെയസ്ബുക്ക് ന്യൂസ് ഫീഡിൽ എന്താണ് നിങ്ങൾ കാണുക എന്ന് നിശ്ചയിക്കുന്ന പ്രോഗ്രാമിങ്ങിൽ(അൽഗോരിതത്തിൽ) 2018 ൽ ഫേസ്‌ബുക്ക് വരുത്തിയ മാറ്റമാണ് പ്രശ്‌നത്തിന്റെ തായ് വേര്. ഒരു അഞ്ച് മിനിറ്റ് നിങ്ങൾ സ്‌ക്രോൾ ചെയ്താൽ ഒരു 100 തരം ഉള്ളടക്കം നിങ്ങൾക്ക് കാണാം. എന്നാൽ, ഫേസ്‌ബുക്കിന്റെ പക്കൽ നിങ്ങളെ കാണിക്കാവുന്ന ആയിരക്കണക്കിന് ഓപ്ഷനുകളുണ്ട്. നിങ്ങൾ മുൻകാലത്ത് നോക്കിയ തരം ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ആയിരിക്കും ഫൈയ്‌സ്ബുക്ക് അൽഗോരിതം ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
ഫേസ്‌ബുക്കിന്റെ ആഭ്യന്തര ഗവേഷണം അനുസരിച്ച് മറ്റുവികാരങ്ങളേക്കാൾ ദേഷ്യം തോന്നിപ്പിക്കുന്ന, വെറുപ്പും, വിദ്വേഷവും, ധ്രുവീകരണവും സൃഷ്ടിക്കുന്ന ഉള്ളടക്കമാണ് ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നത്, അവരെ പിടിച്ചുനിർത്തുന്നത്. അതായത് കൂടുതൽ സുരക്ഷിതമായ അൽഗോരിതത്തിലേക്ക് തങ്ങൾ മാറിയാൽ ആളുകൾ സൈറ്റിൽ കുറച്ചുസമയമേ ചെലവഴിക്കൂ. കുറച്ച് പരസ്യങ്ങളിലേ ക്ലിക്ക് ചെയ്യു..കുറച്ച് പണമേ ബാങ്കിൽ വരികയുള്ളു, എന്ന് കമ്പനി മനസ്സിലാക്കി. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സെറ്റിങ്‌സ് എല്ലാ മാറ്റി കമ്പനിക്ക് കൂടുതൽ കാശ് എന്ന രീതിയിലായി. ഇത് ജനാധിപത്യത്തിലെ വഞ്ചന എന്നാണ് ഫ്രാൻസസ് ഹോഗൻ വിശേഷിപ്പിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലേക്കും നീളുന്നു ദോഷം
ഫേസ്‌ബുക്കിന്റെ ആഭ്യന്തര പഠനപ്രകാരം ഇൻസറ്റാഗ്രാമം കൗമാരക്കാരായ പെൺകുട്ടികൾക്ക് ദോഷം ചെയ്യുന്നു. 13.5 ശതമാനം കൗമാരക്കാരുടെ അഭിപ്രായപ്രകാരം ഇൻസ്റ്റാ ആത്മഹത്യാചിന്ത വഷളാക്കുന്നു. 17 ശതമാനം പറയുന്നു, ഇൻസ്റ്റാ ഈറ്റിങ് ഡിസോഡർ വഷളാക്കുന്നു. കൗമാരക്കാർ കൂടുതൽ വിഷാദത്തിലേക്ക് വീഴുന്നു. അതോടെ അവർ ആപ് കൂടുതലായി ഉപയോഗിക്കുന്നു. അവർ തങ്ങളുടെ ശരീരത്തെ കൂടുതൽ കൂടുതൽ വെറുക്കാൻ തുടങ്ങുന്നു. മറ്റ് സോഷ്യൽ മീഡിയയെ അപേക്ഷിച്ച് ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് അപകടകരം മാത്രമല്ല, ദോഷവും ചെയ്യുന്നു. കുട്ടികൾക്കായുള്ള ഇൻസ്റ്റാഗ്രാം സൃഷ്ടിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് നീട്ടി വച്ചതും ഈ പശ്ചാത്തലത്തിലാണ്.
എന്തായാലും, കാറിനകത്ത് കീ വച്ച് മറന്നുപോയ പോലെയാണ് ഫേസ്‌ബുക്കിന്റെ ഇന്നലത്തെ അവസ്ഥ എന്ന് ചില വിദഗ്ദ്ധർ പറയുന്നുണ്ട്. അവരുടെ ആഭ്യന്തര ഉപാധികളും പണിമുടക്കി. എന്നാൽ, ഫ്രാൻസസ് ഹോഗന്റെ ഗൗരവമേറിയ വെളിപ്പെടുത്തലുകളെ തുടർന്നുള്ള പണിമുടക്കിന്റെ ഉള്ളുകള്ളികൾ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു.
മാർക്ക് സക്കർബർഗിന്റെ റോൾ
മാർക്ക് സക്കർബർഗ് ഒരിക്കലും ഫേസ്‌ബുക്കിനെ ഒരു വിദ്വേഷ പ്ലാറ്റ്‌ഫോം ആക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. എന്നാൽ, വിദ്വേഷം ജനിപ്പിക്കുന്ന ഉള്ളടക്കത്തിന് കൂടുതൽ റീച്ച് കിട്ടുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുകൾ അനുവദിച്ചു കൊടുത്തു എന്നാണ് മാർക്കിന് നേരേയുള്ള ഫ്രാൻസസ് ഹോഗന്റെ വിമർശനം.
60 മിനിറ്റ്‌സിന് ഫേസ്‌ബുക്ക് നൽകിയ മറുപടി
'കോടിക്കണക്കിന് ആളുകൾക്ക് സ്വതന്ത്രാഭിപ്രായം പറയാനും, പ്‌ളാറ്റ്‌ഫോം സുരക്ഷിതവും ക്രിയാത്മകവും ആയി ഉപയോഗിക്കാനും, രണ്ടും തമ്മിൽ തുലനം ചെയ്യാനും ആയി, ഞങ്ങളുടെ ടീമുകൾ ഓരോ ദിവസവും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ വിവര വിനിമയവും വിദ്വേഷകരമായ ഉള്ളടക്കവും നിയന്ത്രിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും, മോശം ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിക്കുന്നത് സത്യമല്ല.