- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് കാപ്പന്റെ അന്യായ തടങ്കലിൽ പ്രതിഷേധം നീതിപീഠങ്ങളോടും; കിടപ്പിലായ സ്റ്റാൻസ് സ്വാമി പുറത്തിറങ്ങിയാൽ അപകടമെന്ന് ശരിവയ്ക്കുകയാണ് നീതിന്യായ പീഠങ്ങൾ ചെയ്തത് എന്നും വി ഡി സതീശൻ
തിരുവനന്തപുരം: സിദ്ദിഖ് കാപ്പനെ ഒരു വർഷമായി വിചാരണ കൂടാതെ തടങ്കലിലിട്ടിരിക്കുന്നതിലുള്ള കടുത്ത എതിർപ്പ് ഭരണകൂടത്തോട് പ്രകടിപ്പിക്കുമ്പോൾ തന്നെ നീതിന്യായ പീഠങ്ങളോടും വ്യക്തിപരമായ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലിൽ ആക്കിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജിപിഒയ്ക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ എല്ലാവരുടെയും അവസാന പ്രതീക്ഷ നീതിന്യായ പീഠങ്ങളാണ്. അവിടെ നീതി ദേവതയുടെ കണ്ണുകൾ കെട്ടിയിട്ടുണ്ട്. അത് സത്യം കാണാതിരിക്കാനല്ല, എല്ലാം നീതിപൂർവമായി നടക്കുന്നുവെന്നാണ് അർഥമാക്കുന്നത്. നിസ്സാരമായ കാരണങ്ങൾ പറഞ്ഞു സിദ്ദിഖ് കാപ്പനെ വിചാരണ ഇല്ലാതെ തടങ്കലിൽ വെച്ചിരിക്കുകയാണ്.
കരി നിയമങ്ങൾ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ തടങ്കലിൽ വച്ചിരിക്കുന്നത് ഞങ്ങൾക്കെതിരായി ആരും ഒന്നും ശബ്ദിക്കണ്ട എന്ന വലിയ മുന്നറിയിപ്പാണ് ഭരണകൂടം നൽകുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവർക്കും സ്വാതന്ത്രമുണ്ട്. മാധ്യമ പ്രവർത്തകർക്ക് പ്രത്യേകമായ സ്വാതന്ത്രമുണ്ട്. ആ സ്വാതന്ത്രത്തെ ഹനിച്ചുകൊണ്ടും മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കൽ കത്തി വെച്ചുമാണ് സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്.
എന്നെ ഏറ്റവും കൂടുതൽ സങ്കടപെടുത്തുന്നത് കോടതികൾ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ല എന്നതാണ്. പാർകിൻസൺ അസുഖം വന്ന് പരസഹായമില്ലാതെ ഒരുതുള്ളിവെള്ളം എടുത്തുകുടിക്കാൻ കിടന്നിരുന്ന ആളാണ് സ്റ്റാൻസ് സ്വാമി. അദ്ദേഹം പുറത്തിറങ്ങിയാൽ രാജ്യത്തിന് അപകടമാണെന്ന് പൊലീസ് പറഞ്ഞപ്പോൾ അത് ശരി വെക്കുകയാണ് രാജ്യത്തെ നീതിന്യായ പീഠങ്ങൾ ചെയ്തത്. വടക്കേ ഇന്ത്യയിൽ നടക്കുന്നത് അതിക്രമങ്ങളും ജനാധിപത്യ കശാപ്പാണെന്നും സതീശൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ജോയിന്റ് സെക്രട്ടറി ഒ രതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ കിരൺബാബു, പ്രിൻസ് പാങ്ങാടൻ, ജിഷ എലിസബത് തുടങ്ങിയർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ