- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര കരട് മത്സ്യനയത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം വ്യവസ്ഥ ചെയ്യണമെന്ന് തീരദേശ നേതൃവേദി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കരട് മത്സ്യ നയത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം വ്യവസ്ഥ ചെയ്യണമെന്ന് തീരദേശ നേതൃവേദി ആവശ്യപ്പെട്ടു. കാലാവസ്ഥ മുന്നറിയിപ്പുകളിന്മേൽ തൊഴിൽ മുടക്കി വരുമാനം നഷ്ടപ്പെടുത്തുന്ന മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും മിനിമം വേതനം നൽകണമെന്നാണ് ആവശ്യം.
ഓഖിക്ക് ശേഷം 2018 മുതൽകാലവർഷം, കടൽക്ഷോഭം, ട്രോളിങ് നിരോധനം, മറ്റ് അവധി ദിനങ്ങൾ എന്നിങ്ങനെ പ്രതിവർഷം ശരാശരി 150 തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതായാണ് കണക്ക്. മത്സ്യ ബന്ധന വിലക്കും തൊഴിൽ മുടക്കവും കാരണം നിത്യവരുമാനക്കാരായ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലും കടക്കെണിയിലും അകപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
സബ്സിഡി നിരക്കിൽ കേന്ദ്ര പൂളിൽ നിന്നും മണ്ണെണ്ണയും ഡിസലും നൽകുവാനുള്ള നടപടികൾ സ്വീകരിക്കണം. തൊഴിൽ മുടക്കവും വരുമാന നഷ്ടവും നേരിടേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കണം. കടലെടുക്കുന്ന തീരങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം. ഭവന രഹിതരും അനാഥരുമാകുന്ന തീരദേശ ജനതയ്ക്ക് പ്രത്യേക പുനരധിവാസ പദ്ധതി മത്സ്യ നയത്തിൽഉൾപ്പെടുത്തണമെന്നും തീരദേശ നേതൃവേദി ആവശ്യപ്പെട്ടു.
കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടലിനെ മാത്രം ആശ്രയിക്കുന്ന, കടലിനോട് മല്ലടിച്ച് രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖല കൂപ്പുകുത്തിയിട്ടും, തൊഴിലാളികൾ ദുരിതക്കയത്തിലേയ്ക്ക് എറിയപ്പെട്ടിട്ടും ഒന്നും ചെയ്യുന്നില്ല. സർക്കാരുകൾ നേരിട്ട് തൊഴിൽ മുടക്കുവാൻ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിലെ ഏക തൊഴിലാളി വർഗവും മത്സ്യത്തൊഴിലാളികളാണ്. മറ്റൊരു തൊഴിലാളി വിഭാഗത്തെയും തൊഴിൽമുടക്കുവാൻ സർക്കാരുകൾ ഉത്തരവുകൾ ഇറക്കിയിട്ടില്ല.
ഈ വസ്തുത കണക്കിലെടുത്ത് തൊഴിൽമുടക്കത്തിനും, വരുമാന നഷ്ടത്തിനും മത്സ്യത്തൊഴിലാളികൾക്ക് മിനിമം കൂലി കേന്ദ്ര സർക്കാരിന്റെ മത്സ്യനയത്തിൽ ഉൾപ്പെടുത്തണം. കടൽക്ഷോഭം, തീരശോഷണം എന്നിവ മുൻനിർത്തി കേരളത്തിന്റെ 690 കിലോമീറ്റർ കടൽത്തീരം സംരക്ഷിക്കുവാനും തീരജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുവാനും കടലെടുക്കുന്ന തീരങ്ങളിൽ സംരക്ഷണഭിത്തി നിർിക്കണം.
വർദ്ധിച്ചുവരുന്ന കടൽക്ഷോഭവും തീരത്തെ വീടുകൾ കടലെടുക്കുന്നതും മുൻനിർത്തി ഭവനരഹിതരും അനാഥരുമാകുന്ന തീരജനതയ്ക്കായി പ്രത്യേക പുനരധിവാസ പദ്ധതി മത്സ്യനയത്തിൽ ഉൾപ്പെടുത്തണം.
മത്സ്യബന്ധന സമ്പ്രദായം നിലനിർത്തുവാൻ കേരളത്തിലെ മണ്ണെണ്ണ പെർമിറ്റുള്ള 35,514 യന്ത്രവൽകൃത വള്ളങ്ങൾക്ക് പ്രതിമാസം ഒരു വള്ളത്തിന് 800 ലിറ്റർ മണ്ണെണ്ണയും, 6388 ഫിഷിങ് ബോട്ടുകൾക്ക് ബോട്ട് ഒന്നിന് 1200 ലിറ്റർ ഡീസലും സബ്‌സിഡി നിരക്കിൽ കേന്ദ്ര പൂളിൽ നിന്നും മണ്ണെണ്ണയും ഡീസലും നൽകുവാൻ കേന്ദ്ര ഫിഷറീസ് നയത്തിൽ ഉൾപ്പെടുത്തണമെന്നും തീരദേശ നേതൃവേദി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ ് വേളി വർഗീസ്, പുല്ലുവിള യോർതോൻ, ഫ്രാൻസിസ് മൊറായിസ്, ടോണി ഒളിവർ, പൊഴിയൂർ ബോസ്‌കോ, അടിമലത്തുറ ഫ്രാൻസിസ്, പൂവാർ മുത്തൻ, ഷേർളി ടീച്ചർ, വലിയതുറ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക്