ദുബായ്: എമിറേറ്റ്‌സ് ഡ്രോയുടെ രണ്ടാമത്തെ നറുക്കെടുപ്പിൽ ഏഴ് ഭാഗ്യവാന്മാർ. ഓരോ ആഴ്ചയിലെയും വിജയികൾക്ക് 15 ലക്ഷത്തിലേറെ രൂപ (7,7,777 ദിർഹം) വീതം സമ്മാനം നൽകുന്നതാണ് എമിറേറ്റ് ഡ്രോ. മുഹമ്മദ് അമീൻ കാട്ടൂർ, മിരാൻ സാമിലാൻ, കെ.കെ. ഷഫീഖ്, സെയിൻ ഭട്ട്, വെങ്കട്ട സൂര്യനാരായണ, ജോയി ദുലാ ജുനിയോ, മുഹമ്മദ് നസീഫ് കാനീലകത്ത് എന്നിവരാണ് ഈ ആഴ്ചയിലെ ഭാഗ്യവാന്മാർ. ഇവർ ഓരോരുത്തരും 15 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി.

കഴിഞ്ഞദിവസം രാത്രി നടന്ന നറുക്കെടുപ്പിലെ ഏഴക്ക സംഖ്യ 4 2 2 6 9 4 9. ഇതിൽ മൂന്ന് പേരുടെ നാല് അക്കങ്ങൾ ഒത്തുവന്നു. ഇവർക്ക് 7,777.69 ദിർഹം വീതം ലഭിക്കും. 69 പേരുടെ മൂന്ന് അക്കങ്ങൾ ഒത്തുവരികയും ഇവർക്ക് 777 ദിർഹം സമ്മാനമായി ലഭിക്കുകയും ചെയ്തു. അതേസമയം, 741 പേരുടെ രണ്ട് അക്കങ്ങൾ ഒത്തുവരികയും ഇവർക്ക് 77 ദിർഹം സമ്മാനം ലഭിക്കുകയും ചെയ്തു. ആകെ 800 വിജയികൾക്ക് 1,34,000 ദിർഹം സമ്മാനത്തുകയാണ് പങ്കുവച്ചത്. വരും നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കും ഗ്രാൻഡ് പ്രൈസ് 77,777,777 ദിർഹം നേടാനുള്ള അവസരമുണ്ട്.

ശനിയാഴ്ച തോറും നടക്കുന്ന എമിറേറ്റ്‌സ് ഡ്രോ പ്രതിവാര നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. www.emiratesdraw.com എന്ന വെബ് സൈറ്റിലൂടെ തങ്ങളുടെ 7 ഭാഗ്യ നമ്പരുകൾ തിരഞ്ഞെടുത്ത് നറുക്കെടുപ്പിൽ പങ്കെടുക്കാം.

ഒരു പ്രാവശ്യം ടിക്കറ്റെടുക്കുന്നതിനൂലെ രണ്ട് വ്യത്യസ്ത നറുക്കെടുപ്പുകളിൽ പ്രവേശിക്കാം. ആദ്യത്തേത് എല്ലാ ആഴ്ചയും ഏഴ് ഭാഗ്യവാന്മാർക്ക് 77,777 ദിർഹം വീതം ഉറപ്പുനൽകുന്നു. കൂടാതെ, പങ്കെടുക്കുന്നവരെല്ലാം ആറ് സമ്മാന വിഭാഗങ്ങളുള്ള രണ്ടാമത്തെ നറുക്കെടുപ്പിൽ പ്രവേശിക്കും. ഏഴ് നമ്പരുകളും ഒത്തുവന്നാൽ 77,777,777 എന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഉൾപ്പെടും. എമിറേറ്റ്‌സ് ഡ്രോയുടെ യു ട്യൂബ്, ഫെയ്‌സ് ബുക്ക് ചാനലുകളിലുടനീളം തത്സമയം നറുക്കെടുപ്പ് വീക്ഷിക്കാം. ഈ മാസം 9ന് രാത്രി ഏഴിനാണ് അടുത്ത നറുക്കെടുപ്പ്.