നീലഗിരിയിൽ മൂന്ന് പേരെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു. തമിഴ്‌നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. മുതുമല ടൈഗർ റിസർവിലെ മസിനഗുഡി, തെപ്പക്കാട് മേഖലയിലാണു തിരച്ചിൽ. നക്‌സൽ വിരുദ്ധ സേന പോലും കടുവയെ തിരഞ്ഞിറങ്ങിയിരിക്കുന്നു. എന്നാൽ കടുവയെ ഇനിയും കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പ് T23 എന്നു പേരിട്ട ഈ കടുവ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് പേരെയാണ് കടിച്ചു കൊന്നത്

ദക്ഷിണേന്ത്യയിൽത്തന്നെ ആദ്യമായാണ് ഒരു കടുവയ്ക്കായി ഇത്രയും വ്യാപകമായ തിരച്ചിൽ നടക്കുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നു രാവിലെ മുതൽ മുതുമലയിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള 200 പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിനാണു തിരച്ചിൽ ചുമതല. 5 സംഘങ്ങളായി തിരിഞ്ഞാണു തിരച്ചിൽ. കേരളത്തിൽനിന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ 12 പേർ ദിവസങ്ങളായി നീലഗിരിയിലുണ്ട്.

കർണാടക വനംവകുപ്പിന്റെ ഡോഗ് സ്‌ക്വാഡ്, മുതുമലയിൽനിന്നും ബന്ദിപ്പൂരിൽനിന്നും എത്തിച്ച ശ്രീനിവാസൻ, ഉദയൻ എന്നീ താപ്പാനകൾ, ചിപ്പിപ്പാറ ഇനത്തിൽപെട്ട വേട്ടനായയായ ആദവി, 3 ഡ്രോൺ യൂണിറ്റുകൾ എന്നിവയയും തിരച്ചിലിൽ സജീവം. കടുവയുടെ സഞ്ചാരപാത മനസ്സിലാക്കാനായി മസനഗുഡിയിൽ മാത്രം 50 ക്യാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. കടുവാസംരക്ഷണ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ചാണു തിരച്ചിൽ. രണ്ടാഴ്ചയിലധികമായി പ്രദേശത്തു വിലസുന്ന കടുവയ്ക്കായി മേഫീൽഡ്, ദേവൻ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കെണിയൊരുക്കിയെങ്കിലും പിടികൂടാനായിരുന്നില്ല.

നാലു മയക്കുവെടി വിദഗ്ധരും സംഘത്തിലുണ്ട്. ഏറെ ശ്രമങ്ങൾക്കുശേഷവും കടുവയെ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് വെടിവയ്ക്കാൻ ഉത്തരവിറങ്ങിയെങ്കിലും പിന്നീട് മരവിപ്പിച്ചു. കടുവയെ ജീവനോടെ പിടികൂടാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു നടന്നില്ലെങ്കിൽ മാത്രം വെടിവയ്ക്കണമോയെന്ന കാര്യം പരിഗണിക്കുമെന്നു വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു പറഞ്ഞു.

4 ദിവസത്തിനിടെ 3 പശുക്കളെ കടുവ തിന്നു. ഒരു മാസത്തിനിടെ മൂന്ന് മനുഷ്യരെ കൊലപ്പെടുത്തി എങ്കിലും മനുഷ്യശരീരം കടുവ ഭക്ഷിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കന്നുകാലികൾ മാത്രമായിരുന്നു ലക്ഷ്യം. കന്നുകാലികൾക്കായി തിരഞ്ഞുനടക്കുന്നതിനിടെയാണു മനുഷ്യർക്കുനേരെ ആക്രമണമുണ്ടായത്. കടുവ ഒടുവിൽ കൊലപ്പെടുത്തിയയാളുടെ ശരീരത്തിന്റെ ഒരുഭാഗം കടുവ കടിച്ചിട്ടുണ്ട്. കടുവ ഒടുവിൽ ഭക്ഷണം കഴിച്ചിട്ടു കുറഞ്ഞതു 40 മണിക്കൂറെങ്കിലുമായിട്ടുണ്ടെന്നാണു വനംവകുപ്പ് നിഗമനം. ഇതിനാൽത്തന്നെ, കാടുകയറിയ കടുവ ഏതുനിമിഷവും ബഫർസോണുകളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും തിരികെയെത്താമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥർ നൽകുന്നു. തിരികെയെത്തിയാലുടൻ കടുവയെ പിടികൂടാമെന്ന ആത്മവിശ്വാസത്തിലാണ് സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ്. വയസ്സൻ കടുവയായതിനാൽ ഇരതേടൽ പ്രയാസകരമാണ്. മറ്റൊരു കടുവയുടെ കടിയേറ്റ് മുഖത്തു മുറിവും ഉണ്ടായിട്ടുണ്ട്.

കോവിഡ് ലോക്ഡൗണുകളുടെ കാലത്ത് മസിനഗുഡി, ദേവർഷോല എന്നിവിടങ്ങളിൽ തമിഴ്‌നാട് സർക്കാർ മറ്റൊരു ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഏതുനിമിഷവും അക്രമകാരിയാകാവുന്ന നരഭോജി കടുവ ഇറങ്ങിയിട്ടുള്ളതിനാൽ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നാണു നിർദ്ദേശം. വിറകെടുക്കാനായി കാട്ടിലേക്കു പോകുന്നതും വിലക്കി. കടുവാഭീഷണിയുള്ള സ്ഥലങ്ങളിൽ അവശ്യവസ്തുക്കൾ നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചുനൽകുന്നു. ദേവർഷോലയിൽ കടുവാ ലോക്ഡൗൺ തുടരുന്നതിനിടെയാണു കടുവ മുതുമലയിലേക്കു കടന്നത്. ഇതോടെ, കഴിഞ്ഞദിവസം മുതൽ മസിനഗുഡിയിലേക്കുള്ള സഞ്ചാരികളുടെ വരവിനും നിയന്ത്രണം ഏർപെടുത്തി. കടുവയെ പിടികൂടുന്നതുവരെ മസിനഗുഡി- ഊട്ടി റോഡിൽ ഗതാഗതനിയന്ത്രണമുണ്ട്.