ചെന്നൈ: ശീതളപാനീയമെന്നുകരുതി മുത്തച്ഛൻ വാങ്ങിവെച്ച മദ്യം കുടിച്ച നാലുവയസ്സുകാരൻ മരിച്ചു. കൊച്ചുമകൻ ഗുരുതരാവസ്ഥയിലായതറിഞ്ഞ് കുഴഞ്ഞു വീണ മുത്തച്ഛൻ ഹൃദയാഘാതത്തെത്തുടർന്നും മരിച്ചു. തിരുവലം അണ്ണാനഗർ സ്വദേശി ചിന്നസാമി (62), മകളുടെ മകൻ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.

വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. കൂലിപ്പണിക്കാരനായ ചിന്നസാമി വാങ്ങിവെച്ച മദ്യമാണ് കുട്ടി കുടിച്ചത്. ദിവസവും വൈകിട്ട് മദ്യപിക്കുന്ന ചിന്നസാമി മദ്യപിച്ച ശേഷം അടുത്ത മുറിയിലിരുന്ന് ടി.വി. കണ്ടു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്നുകരുതി രുദ്രേഷ് മുത്തച്ഛൻ കാണാതെ മദ്യം കുടിച്ചത്.

മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ കുട്ടി കുഴഞ്ഞുവീണു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ പ്രദേശവാസികൾ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീണു.

ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസാമി മരിച്ചു. രുദ്രേഷിനെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.