കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചന്ന് റിപ്പോർട്ട്. രണ്ട് കോടി എഴുപത് ലക്ഷം രൂപയണ് ചിട്ടി നടത്തിയ വകുപ്പിൽ നിക്ഷേപകർക്ക് ഹൗസിങ് സൊസൈറ്റി തിരിച്ച് നൽകാനുള്ളതെന്നുമാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ക്രമക്കേടിൽ ഭരണ സമിതിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. നിയമ പരമായും സംഘടനാ പരമായും നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു .

എഴുന്നൂറോളം പേരാണ് ചിട്ടിയിൽചേർന്നത്. രണ്ടായിരം രൂപ മാസ തവണയിൽ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എന്നാൽ കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്ക് പണം ലഭിച്ചില്ല. തുടർന്ന് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ ഇടപെട്ട സി പി എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിന്റെ ആസ്തികൾ ഈടായി നൽകാമെന്ന് നിക്ഷേപകർക്ക് ഉറപ്പ് നൽകി. തുടർന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാൽ തൊട്ട് പിന്നാലെ സെക്രട്ടറി ഒളിവിൽ പോയി.

ഇതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയിൽ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിനിടെ പാർട്ടി നിയന്ത്രണത്തിലുള്ള ഭരണ സമിതിയെ തള്ളി സി പി എം ജില്ലാ നേതൃത്വം രംഗത്തെത്തി. സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നിൽ ഇന്ന് മുതൽ സമരം ആരംഭിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.