ഡബ്ലിൻ : ഇന്ന് അയർലന്റിലെ റോഡുകളിൽ വാഹനങ്ങളുടെ ടയർ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങും. കാരണം സുരക്ഷയിൽ വാഹനങ്ങളുടെ ടയറുകളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ടയർ സേഫ്ടി ദിനം ആചരിക്കുകയാണ് രാജ്്യം ഇന്ന്. വാഹനമോടിക്കുന്നവർ അവരുടെ ടയറുകൾ പരിശോധിച്ച് അവ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ഈ ദിനം ആവശ്യപ്പെടുന്നു.

രാജ്യത്തൊട്ടാകെയുള്ള റോഡ് പോളിസിങ് യൂണിറ്റുകളിലെ അംഗങ്ങൾ ഇന്ന് വാഹനങ്ങളുടെ ടയറുകൾ പരിശോധിക്കുമെന്ന് ആർ.എസ്.എ. ചീഫ് എക്‌സിക്യൂട്ടീവ് സാം വൈഡ് പറഞ്ഞു. അനുയോജ്യമല്ലാത്ത ടയറുകളുമായി വാഹനം ഓടിക്കുന്നവർക്ക് നാല് പെനാൽറ്റി പോയിന്റുകളും 120 യൂറോ വരെ പിഴയും ലഭിക്കും.

ഈ ദിനം പ്രമാണിച്ച് സൗജന്യ ടയർ സുരക്ഷാ പരിശോധനയ്ക്കായി ഐറിഷ് ടയർ ഇൻഡസ്ട്രി അസോസിയേഷൻ (ഐ.ടി.ഐ.എ) രാജ്യവ്യാപകമായി സംവിധാനം ഒരുക്കിയിട്ടുണ്ട്.