അൽഹസ്സ: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ വഴി, അൽഹസ്സയിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി രണ്ടു പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു.നവയുഗം സാംസ്‌കാരികവേദി അൽഹസ ജീവകാരുണ്യ പ്രവർത്തകരായ മണി മാർത്താണ്ഡത്തിന്റെയും, സിയാദ് പള്ളിമുക്കിന്റെയും പ്രവർത്തനഫലമായി തമിഴ്‌നാട് സ്വദേശി പളനിസ്വാമി സുബ്ബയ്യ നായ്കർ, ഉത്തർപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു എന്നിവരുടെ ഭൗതിക ശരീരമാണ് നാട്ടിലെത്തിച്ചത്.

തമിഴ് നാട് കുളച്ചൽ കോവിൽപട്ടി സ്വദേശിയായ പളനിസ്വാമി (52 വയസ്സ്) ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽപ്പെട്ടാണ് മരണമടഞ്ഞത്. കഴിഞ്ഞ പതിനാലു വർഷമായി അൽഹസ ഷാറെ ഹരത്തിൽ പ്രവാസിയായിരുന്നു പളനിസ്വാമി. ഒരു കെട്ടിടം പണിസ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റ പളനിസ്വാമിയെ കൂടെയുണ്ടായിരുന്നവർ കിങ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, അവിടെവച്ച് മരണപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ചു, സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു.

ഉത്തരപ്രദേശ് സ്വദേശി രമേശ് നന്ദലാൽ മഞ്ജു (40 വയസ്സ്) അൽഹസ മുബാറസിൽ 24 വർഷമായി കൺസ്ട്രക്ഷൻ ജോലിചെയ്തുവരികയായിരുന്നു. ഒന്നര മാസം മുമ്പ് ഹാർട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീണ രമേശിനെ, കൂടെ ജോലി ചെയ്തവർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു അഡ്‌മിറ്റ് ചെയ്തു. എന്നാൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതുകൊണ്ട്, ആശുപത്രി അധികൃതർ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.

തുടർന്ന് മണി മാർത്താണ്ഡവും, സിയാദ് പള്ളിമുക്കും ചേർന്ന് രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ ഉള്ള നിയമനടപടികൾ സ്‌പോൺസറുടെയും, സൗദി ഗവൺമെന്റിന്റെയും, ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ വേഗത്തിൽ പൂർത്തിയാക്കി. തിങ്കളാഴ്ച രണ്ടു മൃതദേഹങ്ങളും വിമാനത്തിൽ നാട്ടിലേയ്ക്ക് അയച്ചു.