- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേറിയയ്ക്ക് വാക്സിൻ കണ്ടെത്തിയത് പതിറ്റാണ്ടുകളായി ലക്ഷങ്ങളെ കൊന്നൊടുക്കിയശേഷം; ഇപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വർഷം തോറും മരിക്കുന്നത് 4 ലക്ഷം പേർ;ഒരു മഹാമാരിക്ക് കൂടി ഒടുവിൽ പ്രതിരോധമാകുമ്പോൾ; ചരിത്രനേട്ടവുമായി ആധുനിക വൈദ്യശാസ്ത്രം
കോവിഡ് പ്രതിസന്ധിയിൽ ലോകം കിതയ്ക്കുമ്പോഴും ഒരു വൻ ചരിത്രനേട്ടവുമായി ആധുനിക വൈദ്യശാസ്ത്രം. ഓരോ വർഷവും പതിനായിരങ്ങളെ കൊന്നൊടുക്കിയിരുന്ന മലേറിയയ്ക്ക് ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടന ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നു. ആർ ടി എസ്, എസ് മലേറിയ വാക്സിന്റെ ഉപയോഗം ശൂപാർശചെയ്തുകൊണ്ട് ഇന്നലെയാണ് ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്. സബ് സഹാറൻ ആഫ്രിക്കയിലേയും അതുപോലെ ഉയർന്ന നിരക്കിൽ മലേറിയ ബാധയുള്ള മറ്റു മേഖലകളിലേയും കുട്ടികൾക്കായി ബ്രിട്ടീഷ് ഫാർമസ്യുട്ടിക്കൽ ഭീമന്മാരായ ഗ്ലാക്സോ സ്മിത് ക്ലൈൻ (ജി എസ് കെ) വികസിപ്പിച്ചെടുത്തതാണ് ഈ വാക്സിൻ.
ഘാന, കെനിയ, മാൽവി തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിക്ക് കീഴെ ഇതുവരെ 8 ലക്ഷം കുട്ടികൾക്ക് ഈ വാക്സിൻ നൽകിക്കഴിഞ്ഞു. വാക്സിൻ സുരക്ഷിതവും ഫലപ്രദവും അതുപോലെ നഗരപ്രാന്തങ്ങളിൽ നിന്നും ഏറെ ദൂരെ കിടക്കുന്ന പ്രദേശങ്ങളിൽ പോലും എളുപ്പത്തിൽ വിതരണം ചെയ്യാവുന്നതുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എല്ലാ വർഷവും 4 ലക്ഷത്തോളം പേരാണ് ലോകത്താകമാനം മലേറിയമൂലം മരണമടയുന്നത്. അതിൽ ഏകദേശം 2.6 ലക്ഷത്തോളം പേർ ആഫ്രിക്കൻ കുട്ടികളാണ്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മലേറിയ മൂലമുള്ള മരണനിരക്ക് കുത്തനെ കുറയ്ക്കാൻ ഈ വാക്സിന് കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്.
ഇത് ഒരു ചരിത്രപ്രധാനമായ നേട്ടമാണെന്നാണ് വാക്സിന് അംഗീകാരം നൽകിക്കൊണ്ടുള്ള പ്രസ്താവന നടത്തിയ പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദനോം ഗെബ്രെയെസസ് പറഞ്ഞത്. ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം കണ്ടെത്താനായ കുട്ടികൾക്കായുള്ള മലേറിയ വാക്സിൻ ശാസ്ത്രരംഗത്തും കുട്ടികളുടെ രംഗത്തും അതുപോലെ മലേറിയ നിർണ്ണയത്തിലും അതിപ്രധാനമായ ഒരു ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു. അനോഫിലസ് ഇനത്തിൽ പെടുന്ന കൊതുകുകളെ ആക്രമിക്കുന്ന ഒരു പരാന്നജീവിയാണ് മലേറിയയ്ക്ക് കാരണമാകുന്നത്. കൊതുകിൽ നിന്നും ഇത് മനുഷ്യരിലേക്ക് പകരുന്നു.
വളരെ വിരളമായിട്ടാണെങ്കിലും, രക്തദാനം, അവയവമാറ്റം, കുത്തിവയ്പ് സൂചി എന്നിവയിലൂടേയും പകരാറുണ്ട്. പനി, തലവേദന, കുളിര്, മാംസപേശികളിലെ വേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങൾ. കുട്ടികളേയാണ് ഇത് ഏറെ ബാധിക്കുക. ഔദ്യോഗിക കണക്കനുസരിച്ച് ലോകത്തിൽ ഓരോ രണ്ടു മിനിറ്റിലും ഒരു കുട്ടിവീതം മലേറിയ മൂലം മരണമടയുന്നു എന്നാണ് പറയുന്നത്. ആഗോളാടിസ്ഥാനത്തിൽ തന്നെ ഏറ്റവും അധികം മലേറിയ വ്യാപനമുള്ളത് 15 രാജ്യങ്ങളിലാണ്. ഇതിൽ ഒന്നൊഴിച്ചുള്ളവയെല്ലാം സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ അശാന്ത പരിശ്രമത്തിനുശേഷം വികസിപ്പിച്ച വാക്സിൻ ലക്ഷക്കണക്കിന് ജീവനുകളെ രക്ഷിക്കും എന്നാണ് പ്രത്യാശിക്കുന്നത്. അഞ്ചു വയസ്സും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്ക് നാല് ഡോസുകളായിട്ടാണ് വാക്സിൻ നൽകേണ്ടത്. മരണകാരണമായേക്കാവുന്ന ഗുരുതരമായ മലേറിയയെ 30 ശതമാനം വരെ തടയാൻ വാക്സിന് കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
കാലാകാലങ്ങളിൽ നൽകുന്ന ആന്റി മലേറിയൽ മരുന്നുകൾക്കൊപ്പം വാക്സിനും നൽകിയാൽ മലേറിയ ഗുരുതരമായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വാക്സിൻ നിർമ്മാതാക്കളായ ജി എസ് കെ പറയുന്നത്. ഇതും മരണവും 70 ശതമാനം വരെ ഒഴിവാക്കാനാകുമെന്നും ഇവർ പറയുന്നു. വാക്സിന് അനുമതി നൽകിക്കൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനം മലേറിയയ്ക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ ശക്തി പകരുമെന്ന് ജി എസ് കെയിലെ ഗ്ലോബൽ ഹെൽത്ത് ഓഫീസർ തോമസ് ബ്ര്യുവർ പറഞ്ഞു.
യഥാർത്ഥ ജീവിതത്തിലും, അതുപോലെ പരീക്ഷണ ശാലകളിലും നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞത് മറ്റ് ആന്റി മലേറിയൽ മരുന്നുകൾക്കൊപ്പം ഉപയോഗിച്ചാൽ ഈ ആർ ടി ഏസ്, എസ് വാക്സിന് ആയിരക്കണക്കിന് മരണങ്ങൾ തടയാൻ ആവും എന്നാണ്. നിലവിൽ നടക്കുന്ന ഇമ്മ്യുണൈസേഷൻ പ്രോഗ്രാമുകളി ചേർത്ത് ഇത് നൽകാനാകുമെന്ന് ഇന്റർനാഷണൽ വാക്സിൻ അലയൻസ് ആയ ഗവിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ