ന്യൂഡൽഹി : ബ്രിട്ടൺ യാത്രയ്ക്കുള്ള പ്രശ്‌നങ്ങൾ ഇനി പരിഹരിച്ചേക്കും. വിദേശയാത്ര നടത്തുന്നവർക്കു രാജ്യാന്തര മാനദണ്ഡം പാലിച്ചുള്ള വാക്‌സീൻ സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതോടെയാണ് ഇത്. 2 ഡോസ് വാക്‌സീൻ എടുത്തവരുടെ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പറിനു പുറമേ ജനനത്തീയതി കൂടി ഉൾപ്പെടുത്താനുള്ള സൗകര്യമാണു നിലവിൽ വന്നത്. ഇതോടെ വിദേശയാത്രയിലെ പ്രതിസന്ധികളെല്ലാം പരിഹരിക്കപ്പെടും. 

സർട്ടിഫിക്കറ്റിന്റെ മുകളിൽ 11 അക്ക സർട്ടിഫിക്കറ്റ് ഐഡിയുണ്ടാകും. ഇതിനൊപ്പം വാക്‌സീന്റെ പേരിനു പുറമേ വാക്‌സീൻ ടൈപ്പ്, നിർമ്മാതാക്കൾ എന്നിവയുടെ വിവരങ്ങളും ഉൾപ്പെടുത്തി. ഏറ്റവും താഴെ 'ലോകാരംഗ്യ സംഘടനാ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന അടിക്കുറിപ്പുമുണ്ടാകും. വാക്‌സിനേഷൻ കേന്ദ്രത്തിന്റെ വിവരങ്ങൾ, ഐഡി കാർഡ് നമ്പർ, പ്രാദേശിക ഭാഷകളിലുള്ള എഴുത്തുകൾ എന്നിവ ഒഴിവാക്കുകയും ചെയ്തു. ഇതിന് വേണ്ടി മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്താൽ മതിയാകും.

ഈ പോർട്ടലിൽ 'ഇന്റർനാഷനൽ ട്രാവൽ സർട്ടിഫിക്കറ്റ്' എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ഓപ്ഷനിലൂടെ പോയി അടുത്ത പേജിൽ ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ എന്നിവ നൽകുക. സത്യപ്രസ്താവനയോടു ചേർന്നുള്ള ബോക്‌സ് ടിക് ചെയ്ത ശേഷം 'Submit Request' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ നൽകിയെന്നു കാണിച്ച് ഫോണിൽ എസ്എംഎസ് ലഭിക്കും. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. നിശ്ചിത സമയത്തിനു ശേഷം കോവിനിൽ വീണ്ടും ലോഗിൻ ചെയ്ത് 'ട്രാക്ക് റിക്വസ്റ്റ്' എന്ന ഭാഗം നോക്കിയാൽ അപേക്ഷ അംഗീകരിച്ചോയെന്ന് അറിയാം.

അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് 'ഇന്റർനാഷനൽ ട്രാവൽ സർട്ടിഫിക്കറ്റ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഇങ്ങനെ കിട്ടുന്ന സർട്ടിഫിക്കറ്റ് യുകെ യാത്രയ്ക്കും പര്യാപ്തമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടണിൽ ക്വാറന്റൈൻ പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം.