മിസ്സോറി: 1994 ൽ കൊളംബിയ കൺവീനിയൻസ് സ്റ്റോറിൽ കവർച്ച ശ്രമത്തിനിടയിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്ടോബർ 5 ചൊവ്വാഴ്ച വൈകീട്ട് 6.10 ന് മിസ്സോറി സ്റ്റേററ് പ്രിസണിൽ നടപ്പാക്കി. 61 വയസ്സുള്ള ഏണസ്റ്റ് ലിജോൺസന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

മാനസിക വളർച്ചയില്ലാത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ് ഫ്രാൻസീസ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ, അമേരിക്കൻ നിയമ നിർമ്മാണ സഭയിലെ നിരവധി അംഗങ്ങൾ എന്നിവർ അഭ്യർത്ഥന നടത്തിയെങ്കിലും, സംസ്ഥാന ഗവർണ്ണറോ കോടതിയോ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കിയില്ല.

വത്തിക്കാന്റെ യു.എസ്സ് അംബാസിഡറാണ് പോപ്പിന്റെ അഭ്യർത്ഥന കഴിഞ്ഞ ആഴ്ച അധികൃതരെ അറിയിച്ചത്.പ്രതിയുടെ തലച്ചോറിൽ വളരുന്ന ട്യൂമർ ചികിത്സിക്കുന്നതിന് അഞ്ചിലൊരുഭാഗം ബ്രെയ്ൻ ടിഷ്യൂ നീക്കം ചെയ്തിരുന്നു.

ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു വെങ്കിലും മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് മരണം ഉറപ്പാക്കിയത്. വൈകീട്ട് 6.10 ന് മരണം സ്ഥിരീകരിച്ചു.

പ്രതിയുടെ കുടുംബാംഗങ്ങൾ നാളിതു വരെ ഏണസ്റ്റ് ജോൺസന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചവർക്ക് പ്രത്യേകം നന്ദിരേഖപ്പെടുത്തി.വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയിൽ വൻ പ്രതിഷേധം ഉയരുന്നുവെങ്കിലും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഗവൺമെന്റിന്റെ ഉറച്ച നിലപാട്.