പുതുതായി വാങ്ങിയ ഫ്‌ളാറ്റ് പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാൽക്കണിയും അടങ്ങുന്നതാണ് വീട്.

ആധുനികതയും പരമ്പരാഗത ശൈലിയും ഇടകലർത്തിയാണ് വീടിന്റെ ഇന്റീയർ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓർമകളും മകൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയിൽ വിവരിക്കുന്നുണ്ട്.

വിശാലമായ ഓപ്പൺ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകൾ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോൾഡ് ചെയ്ത രൂപം ഫ്രെയിം ചെയ്തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുൾ ഷേഡ്സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളിൽ വെച്ചിട്ടുണ്ട്.

ഗസ്റ്റ് റൂമിൽനിന്നും ലിവിങ് ഏരിയയിൽനിന്നും എത്തിച്ചേരാൻ പറ്റുന്ന തരത്തിലാണ് ബാൽക്കണിയുള്ളത്. ഇവിടെയാണ് തങ്ങൾ ഇരിക്കാനായി ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് പേളി പറയുന്നു.