സൗദിയിൽ ഫാമിലി വിസിറ്റ് വിസകൾ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോർട്ടലിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നവർക്കാണ് എളുപ്പത്തിൽ വിസകൾ ലഭ്യമാക്കുക. അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മക്കൾ, പിതാവ, മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസക്ക് പരിഗണിക്കുക. ചില സമയങ്ങളിൽ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പൂർത്തിയാക്കി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ മൂന്ന് പ്രവർത്തി ദിവസത്തിനകം വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസക്ക് അപേക്ഷിക്കുന്നവർ ഇതിനുള്ള വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണം.   അപേക്ഷകൻ വർക്ക് വിസയിൽ ഉള്ള ആളായിരിക്കുക. താമസ രേഖക്ക് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക. അപേക്ഷ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഈ പോർട്ടൽ വഴി സമർപ്പിക്കുക. അറേബേതര വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ സന്ദർശകരുടെ പേരൊഴിച്ച് മറ്റെല്ലാ വിവരങ്ങളും അറബിയിൽ തന്നെ പൂരിപ്പിക്കുക. തയ്യാറാക്കിയ അപേക്ഷ ചേംബറിന്റെ ഇലക്ട്രോണിക് സേവനം വഴി അറ്റസ്റ്റ് ചെയ്യുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായി സമർപ്പിക്കുന്ന അപേക്ഷകളിന്മേലാണ് മൂന്ന് ദിവസത്തിനകം വിസ അനുവദിക്കുക. നിലവിൽ എല്ലാതരം പ്രഫഷനുകൾക്കും ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളായ ഭാര്യ, മക്കൾ, പിതാവ്, മാതാവ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് കുടുംബ വിസ ലഭിക്കുക.