മലപ്പുറം: ഗോഡ്സെ ഗാന്ധിജിയുടെ ഭൗതിക ശരീരത്തെ കൊന്നു എങ്കിൽ ഗാന്ധിജിയുടെ ആത്മാവിനെ കൊന്നത് നെഹ്റുവാണ്.ഗാന്ധിജിയിൽ നിന്നും നെഹ്റുവിലേക്കുള്ള ദൂരം ഏറെയാണ്, എന്നാൽ ഗാന്ധിജിയിൽ നിന്നും മോദിയിലേക്കുള്ള ദൂരം വളരെ കുറവാണെന്നും ബിജെപി.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ബിജെപി മീഡിയ സെൽ മലപ്പുറത്ത് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിയുടെ സ്വപ്നങ്ങളായ സ്വദേശിയും, ഗ്രാമസ്വരാജും മുതലായ കാര്യങ്ങളാണ് ഇന്ത്യയിലെ ഗ്രാമങ്ങളിൽ നരേന്ദ്ര മോദി നടപ്പിലാക്കുന്നത്. ഗ്രാമത്തിലൂടെ ഭാരതത്തെ ഉദ്ധരിക്കുക എന്നതായിരുന്നു മോദി നടപ്പിലാക്കിയത്. 2014ന് മുമ്പ് ഭരിച്ച ഒരു കോൺഗ്രസ് പ്രധാനമന്ത്രി പോലും ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിച്ചിട്ടില്ല. നെഹ്റു അടക്കമുള്ളവർ ഗാന്ധിജിയടെ പേര് കൈക്കലാക്കാൻ ശ്രമിക്കുകയല്ലാതെ അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സഫലീകരിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നാൽ മോദി അധികാരത്തിൽ എത്തിയ ശേഷം ഗ്രാമങ്ങളിലെ പാവങ്ങൾക്ക് താമസിക്കാൻ വീട് നിർമ്മിച്ചു നൽകി, ശൈചാലയം നിർമ്മിച്ചു നൽകി, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷനായി. മജീഷ്യൻ ആർ.കെ. മലയത്ത്, ബിജെപി മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, എഴുത്തുകാരൻ സൈദ് മുഹമ്മദ് ആനക്കയം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി.ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ.സി. വേലായുധൻ നന്ദിയും പറഞ്ഞു.