- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലിൽ നിന്നു പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം; രാജവെമ്പാലയുടെ കടിയേറ്റ് 60കാരൻ മരിച്ചു: രഘുനന്ദൻ ഭൂമിജിനെ പാമ്പു കടിച്ചത് കഴുത്തിൽ കിടന്ന പാമ്പിൽ നിന്നും ശ്രദ്ധമാറിയ സമയത്ത്
പാടത്ത് പണിയെടുക്കുന്നതിനിടയിൽ വയലിൽ നിന്നു പിടികൂടിയ കൂറ്റൻ രാജവെമ്പാലയെ കഴുത്തിൽ ചുറ്റി പ്രദർശിപ്പിക്കവെ കടിയേറ്റ് 60കാരന് ദാരുണാന്ത്യം. അസമിലെ ധോലൈ രാജ്‌നഗറിലുള്ള ബിഷ്ണുപുർ ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 60 കാരനായ രഘുനന്ദൻ ഭൂമിജ് വയലിൽ പണിയെടുക്കുന്നതിനിടെയാണ് സമീപത്തുകൂടി ഇഴഞ്ഞുപോയ രാജവെമ്പാലയെ കണ്ടത്. ഉടൻതന്നെ ഇയാൾ അതിനെ പിടികൂടുകയും കഴുത്തിൽ ചുറ്റുകയും ആയിരുന്നു.
പാമ്പിനെ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴുത്തിൽ ചുറ്റിയ പാമ്പുമായി ഗ്രാമത്തിലൂടെ നടന്നു. കൈകൊണ്ട് പാമ്പിന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാൾ പ്രദർശിപ്പിച്ചത്. ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകൾ ചുറ്റും കൂടിയതോടെ ഊർന്നിറങ്ങാൻ ശ്രമിച്ച പാമ്പിനെ വീണ്ടും ഇയാൾ കഴുത്തിൽ ചുറ്റി. ചുറ്റും കൂടിയവർ മൊബൈലിൽ ദൃശ്യവും പകർത്തുന്നുണ്ടായിരുന്നു. ഇതിനിടയിൽ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ ഉടനെ നാട്ടുകാർ ചേർന്ന് ഭൂമിജിനെ സമീപത്തുള്ള സിൽചാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്നേ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്താക്കി. വന്യജീവി സംരക്ഷണ നിയമപ്രകാരം രാജവെമ്പാലയെ പിടികൂടുന്നത് കുറ്റകരമാണ്. പാമ്പുകളെ കണ്ടാൻ ഉടൻ തന്നെ സമീപത്തുള്ള വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ മുന്നറിയിപ്പുകൾ ഗൗനിക്കാതെ അപകടകരമായി പാമ്പിനെ പിടികൂടിയതാണ് അപകടത്തിൽ കലാശിച്ചതെന്ന് ജില്ലാ വനംവകുപ്പ് ഓഫിസർ തേജസ് മാരിസ്വാമി വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പാമ്പിനെ പിടികൂടി വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.