കോട്ടയം: കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രവാദത്തിന്റെ പേരിൽ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപികയെ കബളിപ്പിച്ച് മൂന്ന് പവന്റെ മാല തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അദ്ധ്യാപികയുടെ പരാതിയിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്‌സ് ജോസഫി (29)നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂൾ അദ്ധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

സമൂഹമാധ്യമത്തിലൂടെ അദ്ധ്യാപികയുമായി അടുപ്പം സ്ഥാപിച്ച ജോയ്‌സ് അദ്ധ്യാപികയുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ചില ബാധകളാണെന്നു വിശ്വസിപ്പിച്ചു. വീട്ടിൽ ചില പൂജകൾ നടത്തിയാൽ പ്രശ്‌നങ്ങൾക്കു പരിഹാരമാകുമെന്നും പറഞ്ഞു. ഇതോടെ അദ്ധ്യാപിക ജോയിസിനെ വീട്ടിലേക്ക് ക്ഷണിക്കുകയും പൂജകൾ നടത്തുകയും ചെയ്തു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. വെള്ളിമാലയാണ് ഇവർ നൽകിയത്. ജോയ്‌സ് ചെറിയ കുടത്തിൽ ഈ മാല ഇട്ട് പൂജകൾ നടക്കുന്ന സ്ഥലത്തു വച്ചു. തുടർന്ന് കണ്ണടച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു.

പിന്നീട് മറ്റൊരു കുടത്തിൽ പൂജാസാധനങ്ങൾക്കൊപ്പം സ്വർണമാല ഇടാൻ ആവശ്യപ്പെട്ടു. അദ്ധ്യാപിക കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണമാല ഊരി ഈ കുടത്തിലിട്ടു. ഇതിനു ശേഷം കണ്ണടച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. മാലയിട്ട കുടം അടച്ച് തിരികെ ഏൽപിച്ച ഷേം രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂ എന്നു പറഞ്ഞ് ജോയ്‌സ് പോയി. 2 ദിവസം കഴിഞ്ഞ് തുറക്കുന്നതിനു മുൻപായി ജോയ്‌സിനെ അദ്ധ്യാപിക വിളിച്ചപ്പോൾ

5 ദിവസം കഴിഞ്ഞു തുറന്നാൽ മതിയെന്നു പറഞ്ഞു. അഞ്ചാം ദിവസം വിളിച്ചപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നു നിർദേശിച്ചു. സംശയം തോന്നിയ വീട്ടമ്മ കുടം തുറന്നപ്പോൾ സ്വർണമാലയ്ക്കു പകരം കടല, മഞ്ചാടിക്കുരു, രുദ്രാക്ഷം എന്നിവയാണ് ഉണ്ടായിരുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായാണ് റിപ്പോർട്ട്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ഇത്തരം തട്ടിപ്പുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

വാട്‌സാപ്പ് വഴി നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചത്. വ്യാജപ്പേരിലാണ് ജോയ്‌സ് സമൂഹമാധ്യമത്തിൽ അക്കൗണ്ട് എടുത്തിരുന്നത്. ഒട്ടേറെ പേരാണ് ജോയ്‌സിന്റെ സൗഹൃദപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു പേരാണ് വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങൾ. ദുർമന്ത്രവാദം, പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്.

പ്രേതശല്യം, ബാധ ഒഴിപ്പിക്കൽ തുടങ്ങിയ അനുഭവങ്ങൾ സ്ത്രീകൾ ഉൾപ്പെടെ വാട്‌സാപ് കൂട്ടായ്മയിൽ പങ്കുവച്ചിട്ടുണ്ട്. ജില്ലയിൽ ഒട്ടേറെപ്പേർ ഇത്തരം ദുർമന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പുകളിൽ വീണിട്ടുണ്ടെന്നു ഫോൺ രേഖകളിൽ നിന്ന് പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി നൽകാൻ ഇവർ മുന്നോട്ടു വന്നിട്ടില്ല. പരാതി ഇല്ലെങ്കിലും ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുമെന്ന് ഡിവൈഎസ്‌പി ജെ. സന്തോഷ്‌കുമാർ പറഞ്ഞു.