സൗദി കിരീടാവകാശിയായ എം ബി എസിന്റെ പിന്തുണയുള്ള സൗദി-അറേബ്യൻ കൺസോർഷ്യം പ്രീമിയർ ലീഗ് ക്ലബ്ബായ ന്യുകാസിൽ യുണൈറ്റഡിന്റെ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി ഐ എഫ്)നോർത്ത് ഈസ്റ്റ് ക്ലബ്ബ് അതിന്റെ ഉടമ മൈക്ക് ആഷ്ലിയിൽ നിന്നും വാങ്ങുവാനുള്ള 305 മില്ല്യൺ പൗണ്ടിന്റെ പദ്ധതിയിൽ നിന്നും പിന്മാറിയതിന്റെ പതിനാല് മാസങ്ങൾക്ക് ശേഷമാണ് ഈ ഡീൽ പ്രഖ്യാപിക്കുന്നത്. നിലനിൽപിനായി പെടാപാടുപെടുന്ന ന്യു കാസിൽ ക്ലബ്ബിനെ പി ഐ എഫ്, പി സി പി കപിറ്റൽ പാർട്നഴ്സ്, ആർ ബി സ്പോർട്സ് ആൻഡ് മീഡിയ എന്നിവരടങ്ങിയ കൺസോർഷ്യം വാങ്ങിയതായി ടിനിസൈഡിൽ പ്രീമിയർ ലീഗ് പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി.

സെയിന്റ് ജെയിംസ് സ്ട്രീറ്റിനു പുറത്തെ പാർക്ക് സ്റ്റേഡിയത്തിൽ ബീയർ കുപ്പികൾ അന്തരീക്ഷത്തിലേക്കെറിഞ്ഞും നൃത്തം ചവിട്ടിയും ആരാധകർ ഇതൊരു ആഘോഷമാക്കി മാറ്റിയപ്പോൾ കായികരത്തെ സൗദിവത്ക്കരണത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്. സൗദിയിൽ സ്ത്രീകളുടെ ഹനിക്കപ്പെടുന്ന അവകാശങ്ങൾ, യമനിലെ യുദ്ധം, 2018-ലെ വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകം തുടങ്ങിയവ ഉയർത്തിയാണ് അധികം പേരും സൗദിക്കെതിരെ രംഗത്തെത്തുന്നത്.

ഏറ്റെടുത്തതിനു ശേഷം ക്ലബ്ബിന്റെ നിയന്ത്രണം ആർക്കായിരിക്കും എന്നതിനെ കുറിച്ചും പ്രക്ഷേപകരായ ബെൽ എൻ സ്പോർട്സിന്റെ ഇടപെടലുമൊക്കെ ചർച്ചകൾ നടത്തി തീരുമാനത്തിലെത്തിയെന്നും പ്രീമിയർ ലീഗ് അറിയിച്ചു. ക്ലബ്ബിനെ ദീർഘകാലമായി പിടികൂടിയിരുന്ന അനിശ്ചിതത്വം നീക്കുന്നതിൽ അതുമായി ബന്ധപ്പെട്ട കക്ഷികൾ എല്ലാവരും സഹകരിച്ചുവെന്ന് പറഞ്ഞ പ്രീമിയർ ലീഗ് വക്താക്കൾ സൗദി അറേബ്യൻ ഭരണകൂടം ന്യൂൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും പറഞ്ഞു. ക്ലബ്ബിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ദീർഘ കാല നിക്ഷേപമാണിതെന്നാണ് ക്ലബ്ബിന്റെ നോൺ-എക്സിക്യുട്ടീവ് ചെയർമാനായി നിയമിതനായ പി ഐ എഫ് ഗവർണർ യാസിർ അൽ-റുമയ്യൻ പറഞ്ഞത്.

ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ന്യുകാസിൽ യുണൈറ്റഡ്. പ്രീമിയർ ലീഗിന്റെ പ്രക്ഷേപണാവകാശമുള്ള ഖത്തർ ആസ്ഥാനമായ ബെൽ എൻ സ്പോർട്സിന് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതുപോലെ പി ഐ എഫ് ചെയർമാനാണ് സൗദി കിരീടാവകാശി എം ബി എസ് എങ്കിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സൗദി ഭരണകൂടം ഇടപെടുകയില്ല എന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.

ന്യുകാസിലെ 80 ശതമാനം ഓഹരികളും പി ഐ എഫിന് ലഭിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ ക്ലബ്ബിന്റെ കാര്യങ്ങളിൽ എം ബി എസിന് കൂടുതൽ സ്വാധീനം ചെലുത്താനാകും. കഴിഞ്ഞവർഷം ക്ലബ്ബ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന എതിർപ്പുകളെ ഇല്ലാതെയാക്കാൻ എം ബി എസ് ബ്രിട്ടീഷ് പ്രധാനമന്ത്രിബോറിസ് ജോൺസനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു.