മേരിലാന്റ്: കോവിഡ് 19 വാക്സിൻ വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാർമസിസ്റ്റ്, ഫാർമസിസ്റ്റിന്റെ ഭാര്യാ പ്രായം ചെന്ന കുടുംബത്തിലെ മറ്റൊരു അംഗം എന്നീ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്കെതിരായ ചാർജ് ഷീറ്റ് ഒകോടബർ 6 ബുധനാഴ്ച മേരിലാന്റ് ഡിസ്ട്രിക്ററ് കോടതിയിൽ സമർപ്പിച്ചു.

ഫാർമസിസ്റ്റ് ബ്രയാൻ റോബിനെറ്റ 58, ഭാര്യ കെല്ലിസു റോബിനെറ്റെ(57), 83 വയസ്സുള്ള മറ്റൊരു കുടുംബാംഗം എന്നിവരെ ജഫ്രി അലൻ ബൺഹാം(46) ആണ് വെടിവെച്ചു കൊലപ്പെടുത്തിയത്. റബെക്ക റെയ്നോൾസാണ് കൊല്ലപ്പെട്ട കുടുംബാഗം.

ഫാർമസിസ്റ്റിന്റേയും, ഭാര്യയുടെയും മൃതദേഹം കെർഗർ റോഡിലുള്ള അവരുടെ വസതിയിലും, 83 വയസ്സുകാരന്റെ കാൽമൈൽ ദൂരത്തിലുമാണ് കണ്ടത്.

സെപ്റ്റംബർ 30ന് നടന്ന സംഭവത്തെകുറിച്ചു ജഫ്രി തന്റെ മാതാവിനോട് പറഞ്ഞിരുന്നു. സഹോദരന്റെ ജോലിയെകുറിച്ചു, ഫാർമസിസ്റ്റ് എന്ന നിലയിൽ മറ്റുള്ളവർക്കു നൽകുന്ന കോവിഡ് വാക്സിൻ കൂടുതൽ ആളുകളെ കൊലപ്പെടുത്തുമെന്നും, അതു മാരകവിഷമാണെന്നും പറഞ്ഞു ബ്രയാനും ജഫ്രിയും തമ്മിൽ തർക്കം ഉണ്ടാതായും അതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും മാതാവ് പറഞ്ഞു.

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ഒക്ടോബർ 1നാണ് വെസ്റ്റ് വെർജിനിയായിൽ വെച്ചു അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മർഡർ, രണ്ട് സെക്കന്റ് ഡിഗ്രി മർഡർ, ഹാന്റ് ഗൺ ചാർജ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ നവംബർ 5ന് വീണ്ടും കോടതിയിൽ ഹാജരാക്കും.