- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതോലിക്കാ സ്ഥാനത്തേക്ക് ഡോ. മാത്യൂസ് മാർ സേവേറിയോസ്; 14ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ്
കോട്ടയം: ഡാ. മാത്യൂസ് മാർ സേവേറിയോസ കാതോലിക്കാ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നു. പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ 14ന് ഒരുമണിക്ക് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെയാണ് സഭാ മാനേജിങ് കമ്മിറ്റി നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. മറ്റു നാമനിർദേശങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അസോസിയേഷൻ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കും.
സഭയുടെ ഏറ്റവും വലിയ ജനാധിപത്യസമിതി വിഡിയോ കോൺഫറൻസിലൂടെ സമ്മേളിക്കുന്നത് ഇതാദ്യമാണ്. വിദേശ രാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈദികരും അൽമായരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ 4007 ആളുകളാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
കോവിഡ് കാരണം പള്ളി പ്രതിപുരുഷന്മാർക്ക് ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടാൻ കഴിയാത്ത സാഹചര്യവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഭദ്രാസനങ്ങളിൽ തയാറാക്കുന്ന കേന്ദ്രങ്ങളിൽ സമ്മേളിച്ച് ഒരേ സമയം യോഗത്തിൽ സംബന്ധിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.
30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഈ സംവിധാനം. യോഗത്തിന്റെ മുഖ്യവരണാധികാരിയായി ഫാ. ഡോ. അലക്‌സാണ്ടർ ജെ.കുര്യനെ നിയമിച്ചിട്ടുണ്ട്. 13ന് 2.30ന് അസോസിയേഷൻ നഗറിൽ, അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റും സീനിയർ മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാർ ക്ലീമീസ് കാതോലിക്കേറ്റ് പതാക ഉയർത്തും. 3ന് സഭാ മാനേജിങ് കമ്മിറ്റി യോഗം ചേരും.
14നു രാവിലെ 9 മുതൽ 12 വരെ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷൻ പ്രതിനിധികളുടെ റജിസ്‌ട്രേഷൻ പരുമലയിലും മറ്റു പ്രതിനിധികളുടെ റജിസ്‌ട്രേഷൻ ഭദ്രാസന അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന കേന്ദ്രങ്ങളിലും നടക്കും. റജിസ്‌ട്രേഷനും ഉച്ചഭക്ഷണവും പൂർത്തിയാക്കിക്കഴിഞ്ഞ് പ്രതിനിധികൾ യോഗാരംഭത്തിന് 30 മിനിറ്റ് മുൻപ് യോഗ ഹാളുകളിൽ പ്രവേശിച്ച് യഥാസ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും.
പരുമലയിലെ അസോസിയേഷൻ നഗറിൽ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് പങ്കെടുക്കേണ്ടത്. ഉച്ചയ്ക്ക് 12.30ന് പരുമല പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം മെത്രാപ്പൊലീത്തമാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. യോഗത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലീമീസ് അധ്യക്ഷത വഹിക്കും.