പാപ്പിനിശ്ശേരി: സമസ്തയുടെ വിദ്യാഭ്യാസമേഖലയിൽ അരനൂറ്റാണ്ടുകാലം വിജ്ഞാനശോഭപകർന്ന പി.കെ.പി. അബ്ദുസലാം മുസ്ലിയാർക്ക് കാട്ടിലെപ്പള്ളി ഖബർസ്ഥാനത്ത് അന്ത്യവിശ്രമം. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ മുസ്ലിം മതപണ്ഡിതരും ശിഷ്യഗണങ്ങളും മയ്യത്ത് നിസ്‌കാരത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ കാട്ടിലെപ്പള്ളിയിലെ (ബിലാൽ മസ്ജിദ്) സാധാരണ ഖബറിടത്തിൽനിന്ന് മാറി പുതിയ ഖബർസ്ഥാനം നിർമ്മിച്ചാണ് അബ്ദുസലാം മുസ്ലിയാർക്ക് അന്ത്യവിശ്രമമൊരുക്കിയത്.

സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായ മുസ്ലിയാർ വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ കോളേജിൽ വ്യാഴാഴ്ച വൈകുന്നേരംമുതൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ രാഷ്ട്രീയപ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കാട്ടിലെപ്പള്ളിയിൽ മയ്യത്ത് നിസ്‌കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും നേതൃത്വം നൽകി.

കേരളത്തിലെ മുസ്ലിം മതവിദ്യാഭ്യാസത്തിൽ ദർസിനോടൊപ്പം ഭൗതികവിദ്യാഭ്യാസവും പരിചയപ്പെടുത്തിയ പണ്ഡിതശ്രേഷ്ഠനാണ് പി.കെ.പി. അബ്ദുസലാം മുസ്ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ പറഞ്ഞു. കാട്ടിലെപ്പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ പ്രാർത്ഥനാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിപുലമായ സൗഹൃദവലയമുള്ള പണ്ഡിതശ്രേഷ്ഠന്റെയടുക്കൽ വലുപ്പചെറുപ്പമില്ലാതെ ആർക്കും എപ്പോഴും കടന്നുചെല്ലാമായിരുന്നു. സ്‌നേഹം ചൊരിയുന്ന ശിഷ്യസമ്പത്തിന് ഇതാണ് കാരണമെന്നും ഉമർ മുസ്ലിയാർ പറഞ്ഞു.

സയ്യിദ് കെ.പി. തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്വാൻ തങ്ങൾ പ്രാർത്ഥനാസദസ്സിന് നേതൃത്വം നൽകി. എ.കെ. അബ്ദുൾ ബാഖി, ബി. ഹംസ ഹാജി, എസ്.കെ. ഹംസ ഹാജി, അബൂബക്കർ യമാനി, നാസർ ഫൈസി, ഷഹീർ പാപ്പിനിശ്ശേരി, ഒ.കെ. മൊയ്തീൻ, ശരീഫ് ബാഖവി, അബ്ദുസമദ് മുട്ടം എന്നിവർ സംസാരിച്ചു.