തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തെ വാട്ടർ ചാർജ് ബിൽ 1.78 ലക്ഷം രൂപ. അമിതബില്ലാണെന്നും പരിശോധിക്കണമെന്നും കോൺഗ്രസിലെ ഉന്നത നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി റോഷി അഗസ്റ്റിൻ ജലഅഥോറിറ്റി എംഡിക്കു നിർദ്ദേശം നൽകി. മുൻകാല ബില്ലുകൾ പരിശോധിച്ച് വിഷയത്തിൽ നടപടിയെടുക്കാനാണ് മന്ത്രി നിർദേശിച്ചതെന്നാണു വിവരം.

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ജലം ഉപയോഗിച്ചതിന്റെ ബില്ലാണ് കഴിഞ്ഞ മാസം 25 ന് ജലഅഥോറിറ്റി കെപിസിസി ഓഫിസിൽ നൽകിയത്. മുൻ മാസങ്ങളിലെ കുടിശിക ഉൾപ്പെടെ 1,78,270 രൂപ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും പിഴയില്ലാതെ ഈ മാസം 25 നകവും, പിഴയോടെ അടുത്ത മാസം എട്ടിനകവും ബിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചാണ് നേതാക്കൾ മന്ത്രിയോടു പരാതിപ്പെട്ടത്.

അതേസമയം, കെപിസിസി ഓഫിസ് ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നും ബിൽ ഉയർന്നതു സംബന്ധിച്ച പരാതിപ്പെട്ടതിനെ തുടർന്ന് 6,585 രൂപ കുറച്ചു നൽകിയിട്ടും വാട്ടർ ബിൽ അടച്ചില്ലെന്നും ജലഅഥോറിറ്റി പറഞ്ഞു. രണ്ടു മാസത്തേക്ക് ശരാശരി 40,000 മുതൽ 50,000 രൂപ വരെയാണ് കെപിസിസി ഓഫിസിലെ വാട്ടർ ബിൽ. ഗാർഹികേതര കണക്ഷൻ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ കൂടുതലാണെന്നും ഇതാണ് ബിൽ തുക കൂടാൻ കാരണമായതെന്നും ജലഅഥോറിറ്റി വിശദീകരിച്ചു.