പാരീസ്: പണ്ട് പണ്ട് ചൊവ്വയിൽ നദിയുണ്ടായിരുന്നതിന്റെ തെളിവുകളുമായി ഗവേഷകർ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഗവേഷകരാമ് ചൊവ്വയിൽ പ്രാചീന നദീമുഖങ്ങൾ നിലനിന്നിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയത്. നാസയുടെ പര്യവേക്ഷണപേടകമായ പെർസിവിയറൻസ് ചൊവ്വയിൽനിന്നെടുത്ത മലഞ്ചെരുവുകളുടെ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്നാണ് കണ്ടെത്തൽ.

ഫ്‌ളോറിഡയിൽനിന്നുള്ള ബഹിരാകാശ ജീവശാസ്ത്രജ്ഞ ആമി വില്യംസും സംഘവും ചൊവ്വയിലെ മലഞ്ചെരിവുകൾക്ക് ഭൂമിയിലെ നദീമുഖങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മലഞ്ചെരുവുകളിലെ അവസാനത്തെ മൂന്നുപാളികളുടെ ആകൃതി തുടർച്ചയായുള്ള ജലമൊഴുക്കുണ്ടായതിനെ സൂചിപ്പിക്കുന്നു. പ്രാചീനകാലത്തെ നദീതീരങ്ങളാണ് ഇവയെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പഠനം സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.

ചൊവ്വ ഏകദേശം 370 കോടി വർഷങ്ങൾക്കുമുന്പ് ജലചംക്രമണത്തെ പിന്തുണയ്ക്കുന്ന രീതിയിൽ ചൂടും ഈർപ്പമുള്ളതുമായിരുന്നുവെന്ന് പഠനം കണ്ടെത്തുന്നു.മുകളിലെയും ഏറ്റവും താഴ്ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽചൂണ്ടുന്നുണ്ട്.

ചൊവ്വാഗ്രഹത്തിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. പാറക്കല്ലുകൾ ശേഖരിക്കാൻ എവിടേക്കാണ് പര്യവേക്ഷണ വാഹനങ്ങൾ അയക്കുകയെന്നതിലേക്ക് ഇത് ഗവേഷകർക്ക് സൂചന നൽകും.