കൊല്ലം: അനൂപ് കെ.എ.എസ്. ഒന്നാം റാങ്ക് നേടിയത് പഞ്ചായത്ത് സെക്രട്ടറിയെന്ന ഭാരിച്ച ജോലിക്കിടയിൽ കിട്ടുന്ന സമയത്ത് പഠിച്ച്. അതുകൊണ്ട് തന്നെ കെ.എ.എസ്. തേഡ് സ്ട്രീം ഒന്നാംറാങ്ക് ലഭിച്ച അനൂപിന്റെ നേട്ടം ഇളമാട് പഞ്ചായത്ത് ഓഫീസിനും ആഘോഷനിമിഷങ്ങളായി. മധുരംനൽകാൻ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബും മെമ്പർമാരും എത്തി.

ജോലികഴിഞ്ഞ് കിട്ടുന്ന സമയത്തായിരുന്നു പഠനം. രണ്ടരമാസം ലീവെടുത്തും പഠിച്ചു. കളക്ടറാകണമെന്നായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ അനൂപ് കുമാറിന്റെ സ്വപ്‌നം. സിവിൽ സർവീസ് പരീക്ഷാഫലം വരുന്ന ദിവസത്തെ പത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുമായിരുന്നു.

പരീക്ഷ നന്നായി എഴുതിയതിനൊപ്പം അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുമെന്ന് വലിയ പ്രതീക്ഷയില്ലായിരുന്നു. ഇന്നലെ പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സുഹൃത്താണ് ഒന്നാം റാങ്ക് ലഭിച്ച വിവരം വിളിച്ചറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സ്ഥിരം സമിതി അദ്ധ്യക്ഷരും കാര്യമറിഞ്ഞതോടെ, കൂട്ട അഭിനന്ദനമായി.

കൊല്ലം എസ്.എൻ കോളേജിൽ ബി.എസ്സി ബയോടെക്‌നോളജിക്ക് ശേഷം മധുര കാമരാജ് സർവകലാശാലയിൽ നിന്ന് എം.എസ്സിയെടുത്തു. തൊട്ടുപിന്നാലെ,? 2006ൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ലഭിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കും പി.എസ്.സിക്കും വേണ്ടിയുള്ള തയ്യാറെടുപ്പും തുടർന്നു. 2010, 2011 വർഷങ്ങളിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതി. 2011 അവസാനം പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചു.

ജോലിത്തിരക്കായതോടെ സിവിൽ സർവീസ് സ്വപ്നം മനസിന്റെ കോണിലൊതുക്കി. 2019ൽ കെ.എ.എസിന്റെ വിജ്ഞാപനം വന്നത് മുതലാണ് തയ്യാറെടുപ്പ് തുടങ്ങിയത്. നാഗാലാൻഡിൽ ഹിന്ദി അദ്ധ്യാപകനായിരുന്ന വാസുദേവൻ പിള്ളയുടെയും സി. ലളിതമ്മയുടെയും മകനാണ്. ഭാര്യ രേഖ വീട്ടമ്മയാണ്. ഒന്നാം ക്ലാസുകാരൻ വിനായക്, മൂന്നര വയസുകാരി വൈശാഖി എന്നിവർ മക്കൾ.