ഹൂസ്റ്റൺ : മുൻ കാമുകിയുടെ മക്കളെയും കാമുകിയെയും ഭർത്താവിനെയും വധിച്ച കേസ്സിൽ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു .ഒക്ടോബർ 7 വ്യാഴാഴ്ച ഡേവിഡ് റെ കോൻലിക്കാണ് കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത് . മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കിയത് .

വ്യാഴാഴ്ച രാവിലെയാണ് ജൂറി തങ്ങളുടെ വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറിയിച്ചു .

2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാമുകിയും ഭർത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന പ്രതി ആദ്യം കാമുകിയെയും ഭർത്താവിനെയും പിന്നീട് ആറു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള ആറു കുട്ടികളെയും അവരുടെ ബെഡിൽ കിടക്കയോട് ചേർത്ത് കൈകൾ ബന്ധിച്ച് ഓരോരുത്തരുടെ തലയിലേക്ക് വെടിയുതിർത്തുകൊലപ്പെടുത്തുകയായിരുന്നു .

സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി ഒടുവിൽ ഇയാൾ കീഴടങ്ങുകയായിരുന്നു . കാപ്പിറ്റൽ മർഡറാണ് പ്രതിക്കെതിരെ ചാർജ് ചെയ്തിരുന്നത് .

2013 ൽ കാമുകിയും ഡേവിഡുമായി കുടുംബ കലഹം ഉണ്ടായതിനെ തുടർന്ന് ആറു കുട്ടികളെയും സിപിഎസ്സിന് കൈമാറിയിരുന്നു .

ഡേവിഡ് കോൻലിയുടെ അറ്റോർണി തന്റെ പ്രതിയെ വിസ്തരിക്കാൻ സാധ്യമല്ലാത്തവിധം മാനസിക വൈകല്യമുണ്ടായിരുന്നതായി കോടതിയിൽ രേഖകൾ ഹാജരാക്കിയിരുന്നതാണ് വധശിക്ഷ ഒഴിവാക്കിയത്.