ജീവിതം കുരുപ്പിടിപ്പിക്കാൻ ലോകത്തിന്റെ ഏത് മൂലയിലേക്കും ചേക്കേറുവാൻ തയ്യാറായവരാണ് മലയാളികൾ ലോകത്തിന്റെ ഏതു മൂലയിൽ ചെന്നാലും ഒരു മലയാളിയെ കാണാം എന്നതു മുതൽ, ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോംഗ് അവിടെ കണ്ടത് മലയാളിയുടേ ചന്ദ്രൻസ് ചായക്കടയായിരുന്നു എന്നുവരെയുള്ള തമാശകൾ മലയാളിയുടെ കുടിയേറാനുള്ള മനോഭാവത്തെ ആസ്പദമാക്കി ഉണ്ട് താനും. ലോകമെമ്പാടുമുള്ള വൻ നഗരങ്ങളിലേക്ക് ജീവിതം പറിച്ചു നട്ട് വലിയ നിലയിലേക്ക് ഉയർന്ന മലയാളികളും കുറവല്ല. എന്നാൽ, ഇതാ ഇവിടെ ഒരു വ്യത്യസ്ത അനുഭവം നിങ്ങളെ കാത്തിരിക്കുന്നു.

നഗരവത്ക്കരണത്തിന്റെ ത്വരണം വർദ്ധിച്ചപ്പൊൾ യൂറോപ്പിലെ പല ഗ്രാമങ്ങളും ഇന്ന് ആളൊഴിഞ്ഞ് കിടക്കുകയാണ്. ആളൊഴിഞ്ഞ ഗ്രാമങ്ങളിൽ ആൾത്താമസം ഉണ്ടാക്കുവാനാണ് ഇപ്പോൾ പല യൂറോപ്യൻ രാജ്യങ്ങളും ശ്രമിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ നൽകി വിവിധ രംഗത്ത് നൈപുണ്യമാർജ്ജിച്ചവരെ ഇവിടങ്ങളിൽ കൊണ്ടുവന്ന് താമസിപ്പിക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. സ്പെയിനിൽ ഇത്തരത്തിൽ ആളൊഴിഞ്ഞുപോയ ഒരു ചെറു പട്ടണമാണ് ആസ്ചൂരിയാസിലെ പോംഗ. ഇവിടെ താമസിക്കുവാൻ തയ്യാറായി എത്തുന്നവർക്ക് അവിടെ താമസമൊരുക്കുവാൻ 3000 യൂറോയാണ് ഒരു കുടുംബത്തിന് നൽകുന്നത്. മാത്രമല്ല, അവിടെവെച്ച് ജനിച്ച ഓരോ കുട്ടിക്കും 3000 യൂറോ അധികമായി ലഭിക്കുകയും ചെയ്യും.

വടക്കൻ സ്പെയിനിലെ ഗലീസിയൻ പർവ്വത പ്രദേശത്തെ ഗ്രാമമായ റുബിയ മറ്റൊരു ഓഫറാണ് മുന്നോട്ട് വയ്ക്കുന്നത്. നിങ്ങൾക്ക് അവിടെ താമസിച്ച് കൃഷി ചെയ്തോ ജോലി ചെയ്തോ കച്ചവടം നടത്തിയോ വരുമാനം ഉണ്ടാക്കാം. ഇതിനുപുറമെ സർക്കാർ എല്ലാമാസവും 100 മുതൽ 150 യൂറോ വരെ സാമ്പത്തിക സഹായമായി നൽകും.

ഇറ്റലിയിലെ ഒരു മദ്ധ്യകാല ഗ്രാമമായ കാൻഡേല അവിടെ സ്ഥിരതാമസത്തിനെത്തുന്ന ഓരോ വ്യക്തിക്കും 800 യൂറോ വരെ സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ദമ്പതികൾക്കാണെങ്കിൽ 1200 യൂറോയും കുടുംബമായിട്ടാണ് എത്തുന്നതെങ്കിൽ 2000 യൂറോയും ലഭിക്കും. അതേസമയം ഇറ്റാലിയൻ റെസിഡൻസി കാർഡോ യൂറോപ്യൻ യൂണിയൻ റെസിഡൻസി കാർഡോ ഉള്ളവർക്ക് സാന്റാ സ്റ്റെഫാനോ പട്ടണത്തിൽ സ്ഥിരതാമസമാക്കുവാൻ അധികൃതർ വാഗ്ദാനം ചെയ്യുന്നത് 44,000 യൂറോയാണ്. താമസിക്കാൻ എത്തുന്നവർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാത്രമല്ല, അവർ ഏതെങ്കിലും തരത്തിലുള്ള വ്യാപാരം ആരംഭിക്കുകയും കുറഞ്ഞത് അഞ്ചുവർഷമെങ്കിലും അവിടെ താമസിക്കുകയും വേണം.

ബൂട്ടിന്റെ ആകൃതിയിലുള്ള ഇറ്റലിയുടെ ഭൂപടത്തിൽ കാൽവിരലുകളായ കലാബ്രിയയിലും ഇപ്പോൾ ഈ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. രണ്ടു മുതൽ മൂന്നു വർഷം വരെ ഇവിടെ താമസിക്കുവാൻ 8000 മുതൽ 10000 യൂറോ വരെയാണ് ഇവിടെ നൽകുന്നത്. പൂർണ്ണസമയത്തേക്ക് നൽകുന്ന 28,000 യൂറോയ്ക്ക് പുറമേയാണിത്. സിസിലിയും സാർഡിനിയയും താമസക്കാരെ ആകർഷിക്കുന്നത് ഒരു യൂറോയ്ക്ക് ഒരു പുതിയ വീട് നൽകിക്കൊണ്ടാണ്. ഇങ്ങനെ വീട് സ്വന്തമാക്കുന്നവർ പക്ഷെ ഓരോ മൂന്നുവർഷം കൂടുമ്പോഴും അതിലെ അറ്റകുറ്റപ്പണികൾ തീർക്കണം. ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടതായി വരും.

വെറും 70 താമസക്കാർ മാത്രമുൾല ഗ്രീസിലെ ആന്റികൈതെറ ദ്വീപിൽ പുതിയ താമസക്കാരെ എത്തിക്കാൻ ഭരണകൂടം നൽകുന്നത് വീടു പണിയുവാനുള്ള സൗജന്യ ഭൂമിയും മൂന്നു വർഷത്തേക്ക് പ്രതിമാസം 500 യൂറോ ധനസഹായവുമാണ്. ക്രൊയേഷ്യയിലെ ലെഗ്രാഡും വളരെ വിലകുറഞ്ഞ വീടുകൾ നൽകി ആളുകളെ ആകർഷിക്കുകയാണ്. ഈ പദ്ധതിക്കായി അപേക്ഷിക്കുന്നവർ 40 വയസ്സിൽ താഴെയുള്ളവരായിരിക്കണം എന്നുമാത്രമല്ല, ഏറ്റവും ചുരുങ്ങിയത് 15 വർഷമെങ്കിലും ഇവിടെ താമസിക്കാൻ തയ്യാറുള്ളവരും ആകണം.