ഷിക്കാഗോ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയായി ഫാ. ജെറി മാത്യു സെപ്റ്റംബർ 27-ന് ചാർജെടുത്തു. നോർത്ത് അമേരിക്കയിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച മൂന്നു മലങ്കര കത്തോലിക്കാ വൈദീകരിൽ ഒരാളാണ് ഫാ. ജെറി മാത്യു.

കേരളത്തിൽ ജനിച്ച് പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കിയശേഷം, അമേരിക്കയിലെത്തിയ ജെറി അച്ചൻ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മിഷിഗണിലാണ്. പിന്നീട് മിഷിഗണിലെ ഓക്ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിലും ഫിലോസഫിയിലും ബിരുദം കരസ്ഥമാക്കി.

തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, സെന്റ് മേരീസ് മലങ്കര കാത്തലിക് മേജർ സെമിനാരി എന്നിവടങ്ങളിൽ വൈദീക പഠനം നടത്തിയതിനുശേഷം ന്യൂയോർക്ക് സെന്റ് ജോസഫ് ഡൺവൂഡി സെനിനാരിയിൽ നിന്ന് ഡിവിറ്റിയിലും, തിയോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

2016-ൽ സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ വച്ച് അഭി. ഡോ. തോമസ് മാർ യൗസേബിയോസ് പിതാവിൽ നിന്നു വൈദീക പട്ടം സ്വീകരിച്ചു. തുടർന്ന് സെന്റ് വിൻസെന്റ് ഡീ പോൾ മലങ്കര കാത്തലിക് കത്തീഡ്രൽ സഹവികാരി, യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി, ബോസ്റ്റൺ മലങ്കര കാത്തലിക് മിഷൻ കോർഡിനേറ്റർ എന്നിവടങ്ങളും കൂടാതെ ന്യൂയോർക്കിലെ അമേരിക്കൻ കത്തോലിക്കാ ദേവാലയങ്ങളിലും വൈദീക ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്.

അതോടൊപ്പം അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഡയറക്ടർ എന്ന നിലയിലും വിശിഷ്ട സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും യൂത്ത് മിനിസ്ട്രി ലൈസൻഷ്യേറ്റിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ അച്ചൻ ഡോക്ടറൽ പഠനം തുടർന്നുകൊണ്ടിരിക്കുന്നു.

ജെറി അച്ചന്റെ മാതാപിതാക്കളും കുടുംബവും ഡിട്രോയിറ്റ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളാണ്. ബഹുമാനപ്പെട്ട ജെറി അച്ചന് എല്ലാവിധ മംഗളങ്ങളും വിജയാശംസകളും നേരുന്നു. ബെഞ്ചമിൻ തോമസ് അറിയിച്ചതാണിത്.