- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർക്ക ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 2021 ഒരുക്കങ്ങൾ പൂർത്തിയായി; തൊഴിൽ മേഖലയിലെ രാജ്യാന്തര വിദഗ്ദ്ധരുമായി സംവദിക്കാൻ അപൂർവ അവസരം
തിരുവനന്തപുരം : കോവിഡ് 19 മഹാമാരി ആഗോളതൊഴിൽ വിപണിയിലേൽപ്പിച്ച ആഘാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, വിദഗ്ദ്ധ മേഖലയിൽ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാൻ നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഓൺലൈനായും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലുമായാണ് സമ്മേളനം നടക്കുന്നത്.
കോവിഡാനന്തര ലോകത്തെ നൂതന തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് സംഗമം. അന്താരാഷ്ടതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരടക്കമുള്ളവർ സമ്മേളനത്തിൽ സംബന്ധിക്കും.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ നാല് രാജ്യങ്ങളിലെ അംബാസിഡർമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നവരിൽപ്പെടുന്നു. കുവൈത്ത്, ജപ്പാൻ, ജർമനി എന്നിവടങ്ങളിലെ മുതിർന്ന നയതന്ത്ര പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയയം ഉദ്യോഗസ്ഥർ, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴിൽദാതാക്കൾ, റിക്രൂട്ടിങ് ഏജൻസികൾ, റീജണൽ പാസ്‌പോർട്ട് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കുന്ന 'ഒ.എം.സി-2021' രാജ്യത്തെ തന്നെ പ്രഥമ സംരംഭമാണ്.
കുടിയേറ്റത്തെ സംബന്ധിച്ച സമഗ്രതലസ്പർശിയായ ചർച്ചകളാണ് വിവിധ സെഷനുകളിലായി ഒരുക്കിയിരിക്കുന്നത്. എല്ലാസെഷനുകളിലും സംശയനിവാരണത്തിനും ചർച്ചകൾക്കും അവസരമൊരുക്കിയിട്ടുണ്ട്. സമ്മേളനത്തിൽ ഉന്നയിക്കപ്പെടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുകയും തുടർന്നുള്ള നയരൂപീകരണത്തിൽ പ്രയോജനപ്പെടുത്തുകയും ചെയ്യും.
ഗൾഫ് മേഖല അടക്കമുള്ള നമ്മുടെ പരമ്പരാഗത പ്രവാസമേഖലയിലയിലെ പുതിയ തൊഴിലിടങ്ങളും ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കന്ന പുതിയ സാധ്യതകളും ബന്ധപ്പെട്ട രാജ്യങ്ങളിൽ നിന്നു തന്നെയുള്ള വിദഗ്ദ്ധർ വിലയിരുത്തുന്നുവെന്നതാണ് സമ്മേളനത്തിന്റെ മുഖ്യസവിശേഷത.
പുതിയ സാധ്യതകൾ രൂപപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ വിദഗ്ദ്ധരും വിവിധ മേഖലയിൽ നൈപുണ്യം ആർജിച്ചിട്ടുള്ളവരുമായ യുവജനങ്ങളെയാണ് തൊഴിൽ വിപണി കാത്തിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കാലേക്കൂട്ടിയുള്ള നടപടികളും പരിശീലനവും ലഭ്യമാക്കാനുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങളുടെഭാഗമാണ് ഈ സമ്മേളനം.വിദേശത്ത് തൊഴിൽ തേടുന്ന വിദഗ്ദ്ധ മേഖലയിലെ യുവജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കുടിയേറ്റത്തെ കുറിച്ച് ബോധവത്കരിക്കാനും പ്രത്യേക സെഷൻ ഒരുക്കിയിട്ടുണ്ട്.
11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചീഫ്‌സെക്രട്ടറി വി.പി.ജോയ് അദ്ധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സി.പി.വി ആൻഡ് ഒ.ഐ.എ) സഞ്ജയ് ഭട്ടാചാര്യ ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തും.'തൊഴിലിന്റെ ഭാവിയും നവനൈപുണ്യ വികസനവും' എന്ന തലക്കെട്ടിൽ രാവിലെ ഒമ്പതിന് നടക്കുന്ന ആദ്യ സെഷനിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീനിവാസ്തവ, പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് ആംസ്ട്രോങ് ചഗ്‌സൻ, ദുബായ് എമ്മാർ പ്രോപ്പർട്ടീസ് പ്രോജക്ട്‌സ് ആൻഡ് ഡവലപ്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മർസൂഖി എന്നിവർ സംസാരിക്കും.
'വളർന്നു വരുന്ന നവ കുടിയേറ്റ മേഖലകളും സാധ്യതകളും' എന്ന വിഷയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെഷനിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ ഔസെഫ് സയീദ്, യു.എ.ഇ അംബാസിഡർ പവൻ കപൂർ, ഖത്തർ അംബാസിഡർ ഡോ ദീപക് മിത്തൽ, കുവൈത്ത് ഇന്ത്യൻ മിഷൻ ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ തുടങ്ങിയവർ സംസാരിക്കും.
'പുതിയ വിപണികൾ - ജർമ്മനി, ജപ്പാൻ' എന്ന വിഷയത്തിൽ ഉച്ചയ്ക്ക് മൂന്നിന് പാനൽ ചർച്ച നടക്കും. ജപ്പാൻ എംബസി ഡി.സി.എം മായങ്ക് ജോഷി, വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി അബ്ബാഗാനി രാമു, സെക്കന്റ് സെക്രട്ടറി, ഹെഡ് ഓഫ് ചാൻസറി ആൻഡ് എക്കണോമിക് ആൻഡ് കൊമേർഷ്യൽ സാകേട്ട രാജ മുസിനിപ്പള്ളി, അലക്സാണ്ടർ വിൽഹിം (ചീഫ്-ഫെഡറൽ എംപോയ്മെന്റ് ഏജൻസി ബെർലിൻ, ജക്തമനി), ജപ്പാൻ ബിസിനസ്സ് ഡയറക്ടർ ഹിതഹിതോ ജയ് അരക്. എന്നിവർ സംബന്ധിക്കും.
കുടിയേറ്റക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ എന്ന തലക്കെട്ടിൽ 4.15ന് നടക്കുന്ന സെഷനിൽ പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, റീജണൽ പാസ്‌പോർട്ട് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ, മുതർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.5.15ന് തുടങ്ങുന്ന സമാപന സെഷനിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയായിരിക്കും.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് സമ്മേളനം ഒരുക്കുന്നത്.
ശങ്കരനാരായണൻ തമ്പി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം. ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കിൽ ആർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-4058041 / 42, മൊബൈൽ: 09847198809. ഇ- മെയിൽ : kesc@ficci.com.
മറുനാടന് മലയാളി ബ്യൂറോ