ന്യൂഡൽഹി: ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹെറ്റിറോയുടെ കേന്ദ്രങ്ങളിൽ നടത്തിയ ആദായനികുതി വകുപ്പു റെയ്ഡിൽ 142.87 കോടി രൂപ പിടിച്ചെടുത്തു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും കണക്കിൽപെടാത്ത തുകയായി 550 കോടി രൂപയാണു തിട്ടപ്പെടുത്തിയിരിക്കുന്നത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ ഇടപാടുകൾ നടത്തിയതായും ചെലവിലെ കൃത്രിമ വർധനയും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ നിരവധി കേന്ദ്രങ്ങളിൽ റെഡ്യ് നടത്തി. 'ഹുറുൺ' പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ഹെറ്റിറോ ഗ്രൂപ്പ് ചെയർമാൻ ബി.പാർഥസാരഥി റെഡ്ഡി 58-ാം സ്ഥാനം നേടി ദിവസങ്ങൾക്കുള്ളിലാണ് റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി ഹെറ്റിറോയുടെ 50 കേന്ദ്രങ്ങളിലാണു ബുധനാഴ്ച പരിശോധന നടത്തിയത്.

റെംഡിസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളുടെ ഉൽപാദനത്തിനും വിപണനത്തിനും ഒട്ടേറെ കരാറുകൾ അടുത്തിടെ ഒപ്പിട്ടു. റഷ്യയുടെ കോവിഡ് വാക്‌സീനായ സ്പുട്‌നിക് ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറും ഹെറ്റിറോ നേടി.

കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന ടോസിലിസുമാബ് മരുന്നിന്റെ ഉൽപാദനത്തിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഇന്ത്യ, ചൈന, റഷ്യ, ഈജിപ്ത്, മെക്‌സിക്കോ, ഇറാൻ എന്നിവിടങ്ങളിലായി ഇരുപത്തഞ്ചിലേറെ നിർമ്മാണ യൂണിറ്റുകളുണ്ട്.