ചെന്നൈ: മുഖ്യമന്ത്രിയുടെ വാഹനം പോകുമ്പോൾ മുന്നിലും പിന്നിലും അകമ്പടിയായി നിരവധി പൊലീസ് വാഹനങ്ങൾ കടന്നു പോകുന്നത് നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പതിവ് കാഴ്ചയാണ്. മാത്രമല്ല മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് വയ്ക്കുന്നതും പതിവാണ്. എന്നാൽ ഈ പതിവുകളെല്ലാം തെറ്റിച്ച് വ്യത്യസ്തനാവുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് പൊലീസിനോട് നിർദേശിച്ചിരിക്കുകയാണ് അദ്ദേഹം. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കർശനനിർദ്ദേശം. ഇതിനൊപ്പം മുഖ്യമന്ത്രി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നും നിർദേശമുണ്ട്. തന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് വരെ ജനങ്ങളെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റാലിൻ ഇത്തരമൊരു നിർദ്ദേശം പൊലീസിന് നൽകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിന്റെ നിർദ്ദേശം. താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായി നിർദ്ദേശം ട്രാഫിക് പൊലീസിന് നൽകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

യാത്രയ്ക്കിടെ ജനങ്ങളെ കാണുന്നതും അവരോട് സംസാരിക്കുന്നതും പരാതി കേൾക്കുന്നതും സ്റ്റാലിന്റെ പതിവാണ്. ഒപ്പം പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ പോകുന്ന വഴി മിന്നൽ സന്ദർശനവും അദ്ദേഹം നടത്താറുണ്ട്. ഇതിലൂടെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഈ നീക്കം.