ചെന്നൈ: മരിച്ചു പോയ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിനരികെ പെൺമക്കൾ പ്രാർത്ഥനയുമായി കഴിഞ്ഞത് രണ്ടുദിവസം. പൊലീസെത്തി മക്കളെ പറഞ്ഞുമനസ്സിലാക്കി മൃതദേഹം സംസ്‌കരിച്ചത് നീണ്ട നേരത്തെ തർക്കത്തിനും വാഗ്വാദത്തിനും ഒടുവിൽ.

തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. പ്രദേശവാസിയായ മേരി (75) അസുഖത്തെത്തുടർന്ന് മരിച്ചു. എന്നാൽ, അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച മക്കളായ ജസീന്തയും ജയന്തിയും വീട്ടിൽ പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. അമ്മ മരിച്ച വിവരം ഇവർ പുറത്താരോടും പറഞ്ഞതുമില്ല. വീട് സന്ദർശിക്കാനെത്തിയ ബന്ധുവാണ് മേരി മരിച്ചതായി മനസ്സിലാക്കിയത്. ഉടൻ തന്നെ ഇവർ മേരി മരിച്ച വിവരം നാട്ടുകാരെ അറിയിച്ചു. മക്കൾ മൃതദേഹം അടക്കംചെയ്യാതെ പ്രാർത്ഥിച്ചിരിക്കുന്ന വിവരം പുറത്തായി. നാട്ടുകാർ പൊലീസിന് വിവരം കൈമാറി.

പൊലീസിനെ വീട്ടിലേക്ക് പ്രവേശിക്കാൻ ജസീന്തയും ജയന്തിയും സമ്മതിച്ചില്ല. അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടിൽവെച്ച് ചികിത്സ നൽകുകയാണെന്നും ഇവർ അറിയിച്ചു. പൊലീസ് അമ്മയെ കൊല്ലാൻ നോക്കുകയാണെന്നും ആരോപിച്ചു. തുടർന്ന് പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തി. ആരോഗ്യപ്രവർത്തകർ മേരിയെ പരിശോധിച്ചതിൽ ജീവനില്ലെന്ന് മനസ്സിലായി. വിദഗ്ധചികിത്സ നൽകാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച് മൃതദേഹം ആംബുലൻസിൽ മണപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടറും മരണം ഉറപ്പാക്കി. ഇത് അംഗീകരിക്കാൻ പെൺമക്കൾ തയ്യാറായില്ല.

കനത്തമഴയിൽ നാലുമണിക്കൂറോളം മക്കളുമായി വാദിച്ചാണ് മൃതദേഹം പൊലീസിന് മോർച്ചറിയിലേക്ക് മാറ്റാനായത്. മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കൾ ചില ആശുപത്രികളിൽ പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കൾ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ പ്രാർത്ഥന നടത്തുകയായിരുന്നു. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.