പുത്തൻകുരിശ്: യാക്കോബായ സഭയ്ക്കു നിയുക്ത കാതോലിക്കാ ബാവായെ തിരഞ്ഞെടുക്കണമെന്നു സഭാ മാനേജിങ് കമ്മിറ്റിയും വർക്കിങ് കമ്മിറ്റിയും നിർദേശിച്ചു. 17നു ചേരുന്ന സഭാ സുന്നഹദോസ് ഈ നിർദേശത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതി തേടും.

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ സഭ എന്നും പ്രതിജ്ഞാബദ്ധമാണെന്നു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. 1934ലെ സഭാ ഭരണഘടനയിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നു, നിലവിലുള്ള കേസിൽ ഹൈക്കോടതിയെ അറിയിക്കും. ഭരണഘടന മാത്രമല്ല, വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആകമാന സുറിയാനി സഭയുടെ ഭാഗമാണു മലങ്കര സഭ. പരിശുദ്ധ പാത്രിയർക്കീസ് ബാവായാണു സഭയുടെ തലവൻ. പരിശുദ്ധ പാത്രിയർക്കീസ് ബാവാ അയച്ച 2 കൽപനകളിൽ ഓർത്തഡോക്‌സ് സഭയിൽ നിന്നു പ്രതികരണമുണ്ടായില്ല.

1958ലെ സുപ്രീം കോടതി വിധിയിൽ സഭയെ 'മലങ്കര യാക്കോബായ സുറിയാനി സഭ' എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. 1995ലെ വിധിയിൽ സുപ്രീം കോടതി ഇടവക പള്ളികൾക്കു നൽകിയ സ്വാതന്ത്ര്യം അംഗീകരിക്കാൻ തയാറാകണം. 1958ലെയും 1995ലെയും സുപ്രീം കോടതി വിധികൾ ഓർത്തഡോക്സ് സഭ അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം.

മലങ്കര സഭയിൽ 2 വിഭാഗങ്ങൾ ഉണ്ടെന്നു 2017ലെ വിധിയിൽ വ്യക്തമാണ്. സഭ ഒന്നാകണമെങ്കിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായെയും അന്ത്യോക്യ സിംഹാസനത്തെയും അംഗീകരിക്കണം. അനുരഞ്ജനത്തിനു കോടതി മധ്യസ്ഥനെ നിയോഗിച്ചാൽ സ്വാഗതം ചെയ്യുമെന്നും യാക്കോബായ സഭ ചർച്ചയ്ക്കു തയാറാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.