കോട്ടയം: തപാലിലൂടെ ഒരു കത്ത് ലഭിക്കുക എന്നത് ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവാത്ത കാര്യമാണ്. കത്തെഴുത്തിനെ കുറിച്ച് പലർക്കും അറിവു പോലും ഉണ്ടാകില്ല. എന്നാൽ തന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും കത്തയച്ചിരിക്കുകയാണ് രാജേഷ് കെ.പുതുമന എന്ന അദ്ധ്യാപകൻ. മൂലേടം അമൃത ഹൈസ്‌കൂളിലെ ഒൻപത് 'എ'യിലെ 38 കുട്ടികൾക്കാണ് തപാൽ ദിനത്തിൽ അദ്ധ്യാപകന്റെ സ്‌നേഹാന്വേഷണം നിറഞ്ഞ കത്ത് ലഭിച്ചത്.

കുട്ടികളോട് സ്‌നേഹാന്വേഷണങ്ങളുമായാണ് കത്ത്. ഓരോ കുട്ടികൾക്കുമുള്ള കത്തുകൾ വ്യത്യസ്തമാണ്.കൂട്ടുകാരോടൊപ്പം ഓടിയും ചാടിയും കളിച്ചും ചിരിച്ചും പഠിച്ചിരുന്ന കുട്ടികൾ വീടുകളിലൊതുങ്ങിയതോടെ ശാരീരികവും മാനസ്സികവുമായ പല പ്രശ്‌നങ്ങളും നേരിടുന്നത് ബോധ്യപ്പെട്ടതോടെയാണ് കത്തെഴുതാൻ രാജേഷ് തീരുമാനിച്ചത്.

ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛൻ മരിക്കുകയും മൂന്ന് കുട്ടികൾക്ക് കോവിഡ് ബാധിക്കുകയുംചെയ്തു. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിനും കരുത്തുപകരുന്നതിനും ഉതകുന്ന രീതിയിലാണ് കത്ത്.

സമയം വേണ്ടുംവണ്ണം വിനിയോഗിക്കുന്നുണ്ടല്ലോയെന്നും പരമാവധി വീട്ടുജോലികൾ ചെയ്യണമെന്നും കുറഞ്ഞത് ദിവസം ഒരുമണിക്കൂർ നന്നായി വിയർക്കണമെന്നും ഓർമിപ്പിക്കുന്നു. 'മൊബൈൽഫോൺ പഠനാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് എനിക്കറിയാം, നല്ലത്' എന്നും എഴുതി. ചിത്രപ്പണികൾ, പൊതുവിജ്ഞാനശേഖരണം, കുറിപ്പുകൾ തയ്യാറാക്കൽ ഇവയൊക്കെ ചെയ്യണമെന്നും പകലുറക്കം വേണ്ടെന്നും കത്തിൽ ഓർമിപ്പിക്കുന്നു.

തനിക്ക് ചെറുപ്പത്തിൽ ലഭിച്ച നിരവധി കത്തുകൾ നിധിപോലെ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലെ ഭാഷ ഹൃദയത്തിന്റേതാണെന്നും ഹിന്ദിഭാഷാ അദ്ധ്യാപകനായ രാജേഷ്. 'എന്റെ ക്ലാസിലെ കുട്ടികൾക്ക് ലഭിച്ച ആദ്യ കത്താകും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്'-അദ്ദേഹം പറഞ്ഞു.