- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്; ലോക ചാംപ്യന്മാരായ ഫ്രഞ്ച് ആധിപത്യം സ്ഥാപിച്ചത് സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു: ഗോളുകൾ പിറന്നത് കളിയുടെ ആദ്യ പകുതിക്ക് ശേഷം
മിലാൻ: ലോക ഫുട്ബോളിൽ ഫ്രഞ്ച് ആധിപത്യം തുടരുന്നു. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു യുവേഫ നേഷൻസ് ലീഗ് കിരീടം ചാംപ്യന്മാരായ ഫ്രാൻസ് സ്വന്തമാക്കി. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളും. 64-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്പെയ്നാണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ കരീം ബെസന്മയിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ കിലിയൻ എംബാപ്പെയാണ് വിജയഗോൾ നേടിയത്. ഈ കിരീട വിജയത്തോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ ചൂടുന്ന ആദ്യ ടീമായി ഫ്രാൻസ് മാറി.
സെമിയിൽ കരുത്തരായ ബൽജിയത്തെ പിന്നിൽനിന്നും തിരിച്ചടിച്ചു തോൽപ്പിച്ച ഫ്രാൻസ്, തുടർച്ചയായ രണ്ടാം മത്സരത്തിലും സമാനമായ രീതിയിലാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. സെമിയിൽ ആദ്യ പകുതിയിൽ 20ന് പിന്നിലായിരുന്ന ഫ്രാൻസ് രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചതെങ്കിൽ, ഇത്തവണ 10ന് പിന്നിൽ നിൽക്കെ രണ്ടു ഗോൾ തിരിച്ചടിച്ച് വിജയവും കിരീടവും സ്വന്തമാക്കി. ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ നിർണായക സേവുകളും ഫൈനൽ വിജയത്തിൽ ഫ്രാൻസിനു തുണയായി.
ആദ്യത്തെ ഒരു മണിക്കൂറോളം വിരസമായിരുന്ന കളി പകുതി പിന്നിട്ടതോടെയാണ് ഉഷാറായത്. 64ാം മിനിറ്റിൽ ഒയാർസബാളിന്റെ ഗോളോടെ മത്സരം ചൂടുപിടിച്ചു. 64ാം മിനിറ്റിൽ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസിന്റെ കരുത്തുറ്റ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പടയുടെ വേദന വർധിപ്പിച്ച് ഒയാർസബാളിലൂടെ സ്‌പെയിൻ ലീഡ് നേടി. എന്നാൽ സ്‌പെയിനിന്റെ ലീഡിന് ആകെയുണ്ടായിരുന്നത് രണ്ടു മിനിറ്റിന്റെ ആയുസ്. ബോക്‌സിനു തൊട്ടുവെളിയിൽ ലഭിച്ച പന്ത് രണ്ടു ചുവടു മുന്നോട്ടുവച്ച് കരിം ബെൻസേമ വലയിലേക്കു തൊടുത്തു.
കിലിയൻ എംബപ്പെയുടെ അവസരമായിരുന്നു അടുത്തത്. 80ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നൽകിയ ത്രൂബോൾ എംബപ്പെ ഓടിപ്പിടിക്കുമ്പോൾ മുന്നിൽ ഗോൾകീപ്പർ സൈമൺ മാത്രം. പന്തിൽ ഒന്നുരണ്ടു ചുവടുവച്ച് ഗോൾകീപ്പറെ കബളിപ്പിച്ച എംബപ്പെ, അനായാസം ലക്ഷ്യം കണ്ടു.
മൂന്നാംസ്ഥാനക്കാരുടെ കളിയിൽ ഇറ്റലിക്ക് ജയം. 2-1ന് ബൽജിയത്തെ തോൽപ്പിച്ചു. നിക്കോളോ ബറെല്ലയും ഡൊമെനികോ ബെറാർഡിയും ഇറ്റലിക്കായി ഗോളടിച്ചു. കളിയവസാനം ചാൾസ് ഡി കെറ്റെലാറെയാണ് ബൽജിയത്തിന്റെ ആശ്വാസം കണ്ടെത്തിയത്. മത്സരത്തിലുടനീളം മികച്ച രക്ഷപ്പെടുത്തലുകൾ നടത്തി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ മിന്നി.