തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ ട്രോളിനിരയായിക്കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ട്രോൾ പെരുമഴയ്ക്കിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി. തനിക്ക് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അതെന്നും അതിനെ ആക്ഷേപിക്കുന്നവർക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.

എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചുകൊണ്ടും പല രൂപത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്ന നിലയുമുണ്ട്.

പ്രത്യേകിച്ച് ബിജെപിക്കാരും കോൺഗ്രസിലെ ഒരു വിഭാഗവുമാണ് ഇതിന്റെ പിന്നിൽ. അതുകൊണ്ട് അവർക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കിൽ അങ്ങനെ ചെയ്യട്ടെ. എനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടില്ല. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിക്ക് അമളി പറ്റിയത്. സ്‌കൂൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നാണ് ശിവൻകുട്ടി പറഞ്ഞത്. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴയായി മാറി. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടേയും പട്ടിക നൽകി കൊണ്ടാണ് ശിവൻകുട്ടിയെ പരിഹസിച്ചത്. ഇത് സംബന്ധിച്ചാണ് മന്ത്രി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.