കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറുപതിനായിരത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കാൻ ആലോചിക്കുന്നു.കാലഹരണപ്പെട്ടതോ അല്ലെങ്കിൽ സാധുത നഷ്ടപ്പെട്ടതോ ആയ അറുപതിനായിരത്തിൽ പരം ലൈസൻസുകൾ തിരിച്ചേൽപ്പിക്കുവാൻ ആഭ്യന്തര മന്ത്രാലയം ലൈസൻസ് ഉടമകളോട് ആവശ്യപ്പെട്ടു

കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസന്‌സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന പ്രവാസികളെ കണ്ടെത്താന് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 40,000 പ്രവാസികൾ ഡ്രൈവിങ് ലൈസൻസുള്ളവരും ലൈസൻസ് ലഭിച്ച ശേഷം അവരുടെ തൊഴില് മാറ്റിയവരുമാണ്.

ഇവര് നേരത്തെ ഡ്രൈവിങ് ലൈസന്‌സ് അനുവദനീയമായ തസ്തികയില് ജോലി ചെയ്യുമ്പോൾ ലൈസന്‌സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസൻസ് തിരിച്ചേല്പിക്കാത്തവരു മാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാല് പലരും ഇത്തരത്തിലുള്ള ലൈസന്‌സ് ഉപയോഗിച്ച് വാഹനം ഓടിക്കുകയും പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ കേവലം അഞ്ച് ദിനാര് പിഴയടച്ചു നാടു കടത്തല് ശിക്ഷയിൽ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികള് ആരംഭിച്ചിരിക്കുന്നത്.

ഇതോടെ പഴയതും അസാധുവായതുമായ ലൈസൻസുള്ള പ്രവാസിക്ക് താമസസ്ഥലം പുതുക്കാന് ലൈസൻസ് കൈമാറേണ്ടിവരും. അതിനിടെ വിദേശികൾക്ക് ലൈസന്‌സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത മന്ത്രാലയം.