ദോഹ: ഖത്തറിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു. വടകര വൈകിൾശ്ശേരി സ്വദേശി ഖാലിദ് ചേറോട് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഖത്തർ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്ന ഖാലിദ് ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ അൽഖോറിലുണ്ടായ അപകടത്തിൽ ആണ് മരണം.കോസ്റ്റ് ഗാർഡിൽ ജോലിചെയ്യുന്ന ഇദ്ദേഹം, ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ വടകര തിരുവള്ളൂർ സ്വദേശി ആമിദ. രണ്ട് ആൺമക്കൾ. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.