ന്യൂഡൽഹി: പത്ത് വർഷത്തിലേറെയായി വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞിരുന്ന പാക് ഭീകരൻ അറസ്റ്റിലായി. പാക്കിസ്ഥാനിലെ നരോവാലിൽനിന്നുള്ള മുഹമ്മദ് അഷ്‌റഫ് (അലി40) ആണ് ഡൽഹിയിൽ അറസ്റ്റിലായത്. അഷ്‌റഫിനു പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നു പൊലീസ് സ്‌പെഷൽ സെൽ ഡിസിപി പ്രമോദ് കുമാർ ഖുഷ്‌വാഹ പറഞ്ഞു.

മതപണ്ഡിതനെന്ന വ്യാജേന ലക്ഷ്മി നഗറിൽ കഴിഞ്ഞിരുന്ന അലിയെ തിങ്കളാഴ്ച രാത്രിയാണു പിടികൂടിയത്. എകെ 47 തോക്ക്, 60 വെടിയുതിർക്കാൻ സാധിക്കുന്ന 2 മാഗസിനുകൾ, 2 ചൈനീസ് നിർമ്മിത തോക്കുകൾ, ഇന്ത്യൻ പാസ്‌പോർട്ട്, ഗ്രനേഡ് എന്നിവയും കണ്ടെത്തി. 2004 ൽ ഐഎസ്‌ഐയിൽ ചേർന്ന അഷ്‌റഫിനു 6 മാസത്തെ പരിശീലനം ലഭിച്ചു.

രാജ്യത്തു പ്രവർത്തിക്കുന്ന പാക്ക് ഭീകരരുടെ തലവനായിരുന്നു മുഹമ്മദ് അഷ്‌റഫെന്നും നവരാത്രി ഉൾപ്പെടെയുള്ള ആഘോഷസമയങ്ങളിൽ സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജമ്മു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന പല സ്‌ഫോടനങ്ങളിലും ഇയാൾക്കു പങ്കുണ്ടെന്നാണു വിശദീകരണം.

ബംഗാളിലെ സിലിഗുഡി അതിർത്തിയിലൂടെ ഇന്ത്യയിലെത്തിയ അഷ്‌റഫ് അജ്‌മേറിലാണ് ആദ്യ 2 വർഷം കഴിഞ്ഞത്. 2006 ൽ ഡൽഹിയിലെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ 6 കേന്ദ്രങ്ങളിലായാണു താമസിച്ചത്. ഇന്ത്യയിലെത്തിയ ശേഷം വിവാഹിതനായി.