ന്യൂഡൽഹി: യുപിയിലെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്കും മാധ്യമപ്രവർത്തകനും വേണ്ടി സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കർഷക നേതാക്കളായ രാകേഷ് ടികായത്, ദർശൻ സിങ് പാൽ, ജൊഗീന്ദർ സിങ് ഉഗ്രാഹ തുടങ്ങിയവർ പങ്കെടുത്തു. ബിജെപിയുടെ വാഹനവ്യൂഹമിടിച്ച് മരിച്ച 4 കർഷകർക്കും മാധ്യമപ്രവർത്തകൻ രമൺ കശ്യപിനും ആദരാഞ്ജലി അർപ്പിച്ച് കർഷക, സിഖ് സംഘടനകളാണു ചടങ്ങ് സംഘടിപ്പിച്ചത്.

ലക്‌നൗവിൽ നിന്ന് ലഖിംപുരിലേക്കുള്ള യാത്രയ്ക്കിടെ സീതാപുരിൽ പ്രിയങ്കയെ പൊലീസ് തടഞ്ഞത് നേരിയ വാക്കുതർക്കത്തിനു വഴിവച്ചു. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണു പ്രിയങ്കയെ പോകാൻ അനുവദിച്ചത്. സമ്മേളന സ്ഥലത്ത് പൊലീസും അർധസേനാ വിഭാഗങ്ങളും സുരക്ഷയൊരുക്കിയിരുന്നു.

ലഖിംപുരിലേക്കു പോയ ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരിയെ ബറെയ്ലി വിമാനത്താവളത്തിൽ ഒരു മണിക്കൂറോളം തടഞ്ഞുവച്ച പൊലീസ് പിന്നീട് യാത്രാനുമതി നൽകി. സമാജ്വാദി പാർട്ടി നേതാക്കളും ലഖിംപുർ സന്ദർശിച്ചു.