തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയിലെയും തൊഴിലാളികൾക്ക് ക്ഷേമനിധി ഉറപ്പാക്കുന്ന ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. 'കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി ബിൽ' എന്നാണ് ബില്ലിന്റെ പേര്. മഹാത്മാഗാന്ധിയുടെയും അയ്യങ്കാളിയുടെയും പേരിലാണ് തൊഴിലുറപ്പുപദ്ധതികൾ എന്നതിനാൽ ബില്ലിന് 'കേരള മഹാത്മാഗാന്ധി-അയ്യങ്കാളി തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി ബിൽ' എന്ന് പേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

'കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി ബിൽ' എന്നതാണ് അഭികാമ്യമെന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചതായി മന്ത്രി ഗോവിന്ദൻ പറഞ്ഞു. പേരുമാറ്റം ആവശ്യപ്പെട്ട് കെ.കെ. രമ നൽകിയ ഭേദഗതി വോട്ടിനിട്ടെങ്കിലും പരാജയപ്പെട്ടു.

അവശതയോ അംഗഭംഗമോ കാരണം തൊഴിലുറപ്പുജോലിയിൽ തുടരാനാവാതെ വന്നാൽ അടച്ച അംശദായം പലിശസഹിതം തിരികെനൽകണമെന്ന വ്യവസ്ഥയിൽ മാറ്റംവരുത്തി. ഇത്തരം അംഗങ്ങൾക്ക് പണം തിരിച്ചുനൽകുന്നതിനൊപ്പം അവശതാപെൻഷനും നൽകും. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം തൊഴിലുറപ്പുതൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

18മുതൽ 55വയസ്സുവരെ പദ്ധതിയിൽ ചേരാം. അറുപതുവയസ്സുമുതലാണ് പെൻഷന് അർഹത. എത്ര രൂപയായിരിക്കും പെൻഷനെന്ന് പിന്നീട് തീരുമാനിക്കും. 50 രൂപ മാസം അംശദായം അടയ്ക്കണം. തുല്യതുക സർക്കാരും അടയ്ക്കും. തൊഴിലുറപ്പുക്ഷേമനിധിയിൽ ചേരുന്നവർക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന മറ്റു ക്ഷേമപെൻഷൻ നിഷേധിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.