ലിസബത്ത് രാജ്ഞി ഇതാദ്യമായി വടികുത്തി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. വെസ്റ്റ്മിനിസ്റ്റർ ആബിയിൽ നടന്ന റോയൽ ബ്രിട്ടീഷ് ലെജിയോണിന്റെ നൂറാം വർഷം സൂചിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇത്. സായുധസേനയുടെ ചാരിറ്റിയുടെ രക്ഷാധികാരികൂടിയായ രാജ്ഞി, മകൾ ആന്നി രാജകുമാരിക്കൊപ്പമാണ് ചടങ്ങിനെത്തിയത്. സാധാരണയായി ഊന്നു വടി ഉപയോഗിക്കാത്ത ആളാണ് രാജ്ഞി. 2003-ലും 2004 ലും ചില ചടങ്ങുകളിൽ രാജ്ഞി ഊന്നുവടിയുടെ സഹായത്തോടെ എത്തിയ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, അത് മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞയുടനെയായിരുന്നു.

കിങ് എഡ്വേർഡ് ആശുപത്രിയിൽ നിന്നു ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ രാജ്ഞി വടികുത്തിയാണ് ഇറങ്ങിയത്. പിന്നീട് സാൻഡ്രിങ്ഹാം ചർച്ചിലെ കുർബാനയിൽ പങ്കെടുക്കാൻ രണ്ടാഴ്‌ച്ചയ്ക്ക് ശേഷം എത്തിയപ്പോൾ മരത്തിൽ തീർത്ത ഒരു ഊന്നുവടിയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ വെങ്കല ഗേയ്റ്റുകൾ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെത്തിയപ്പോൾ ഒരു അഡ്ജസ്റ്റബിൾ വാക്കിങ് സ്റ്റിക്കായിരുന്നു രാജ്ഞി ഉപയോഗിച്ചിരുന്നത്.

എന്നാൽ, ഇന്നലെ ഇതാദ്യമായി നടക്കുന്നതിനുള്ള സൗകര്യത്തിനായാണ് രാജ്ഞി ഉപയോഗിച്ചത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഊന്നുവടി ഉപയോഗിക്കാൻ കാരണമയി പറഞ്ഞിട്ടില്ല. തന്റെ ഔദ്യോഗികലിമോസിൻ കാറിൽ നിന്നും പുറത്തിറങ്ങിയ ഉടനെ രാജ്ഞിക്ക് വടി നൽകുകയായിരുന്നു. പിന്നീട് വടിയും കുത്തി സുഗമമായി നടന്നുനീങ്ങിയ രാജ്ഞി തനിക്കായി നീക്കിവച്ച സീറ്റിൽ ഇരുന്ന് കുർബാനയിൽ പങ്കെടുത്തു. തിരികെ പോകുമ്പോഴും രാജ്ഞി ഊന്നുവടി ഉപയോഗിച്ചിരുന്നു.

സാധാരണയായി ഉപയോഗിക്കാറുള്ള ഗ്രെയ്റ്റ് വെസ്റ്റ് ഡോറില്കൂടിയല്ല ഇന്നലെ രാജ്ഞി അകത്ത് എത്തിയതെന്നതും ശ്രദ്ധേയമായി. അവർക്കായി ഒഴിച്ചിട്ട സീറ്റിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന പോയറ്റ്സ് യാർഡ് എൻട്രൻസിൽ കൂടിയായിരുന്നു അവർ അകത്ത് പ്രവേശിച്ചത്. രാജ്ഞിയുടെ സൗകര്യാർത്ഥമാണ് ഈ മാറ്റം വരുത്തിയത് എന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം തയ്യാറായില്ല. അതേസമയം പരമ്പരാഗതമായ ഊന്നുവടിയല്ല രാജ്ഞി ഉപയോഗിക്കുന്നതെന്ന് ഇതിനെ കുറിച്ച് അറിയാവുന്നവർ പറയുന്നു. ടെലെസ്‌കോപിക് വാക്കിങ് പോളിനോട് സാമ്യമുള്ള ഒന്നാണ് രാജ്ഞി ഉപയോഗിക്കുന്നതെന്നും അവർ പറയുന്നു.

ശരീരത്തെ താങ്ങുന്നതിനൊപ്പം മനസ്സിന് ധൈര്യം നൽകുക എന്നതുകൂടിയാണ് വാക്കിങ് സ്റ്റിക്കിന്റെ ധർമ്മം എന്ന് ലണ്ടൻ ആസ്ഥാനമായ വാക്കിങ് സ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ പോൾ സിമ്മണ്ട്സ് പറയുന്നു. രാജ്ഞി ശാരീരികമായി വാക്കിങ് സ്റ്റിക്കിനെ അധികം ആശ്രയിക്കുന്നില്ല, എന്നാൽ, അവർക്കാവശ്യമായ മനോധൈര്യം ഇത് നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അതൊരു ട്രെക്കിങ് പോൾ ആണെന്നും ബ്രാൻഡ് ഏതാണെന്നറിയില്ലെന്നും സ്റ്റിക് ആൻഡ് കെയ്ൻ ഷോപ്പ് ഉടമ ക്രിസ്റ്റിനി നേയ്സ്മിത്ത് പറയുന്നു. നേരത്തേ പർവ്വതങ്ങളിലും മറ്റും ട്രെക്കിംഗിന് ഉപയോഗിച്ച ഒന്നായിരിക്കാം അതെന്നും അത് രാജകൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നതാകാം എന്നും അവർ പറയുന്നു.