ജിദ്ദ: സൗദിയിൽ ഇന്റർസിറ്റി ബസുകളിലെയും ട്രെയിനുകളിലെയും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർവിസ് നടത്താൻ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പൊതുഗതാഗത അഥോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാൻ തീരുമാനമെടുത്തത്.

ജിസാനും ഫർസാൻ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവൻ സീറ്റിൽ യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നവർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകുമെന്നും അഥോറിറ്റി വ്യക്തമാക്കി.

തവക്കൽന ആപ്പിലെ ആരോഗ്യനില പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, മാസ്‌ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അഥോറിറ്റി അംഗീകരിച്ച മുൻകരുതൽ നടപടികൾ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത് തുടരണം.

ഒരു സീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രമാണ്ബസുകളിൽ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതലാളുകൾക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനാകും.