തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ അഡ്‌മിഷൻ ലഭിക്കുന്നത് മാർക്ക് ജിഹാദിലൂടെയാണെന്നു പ്രസ്താവിച്ച കിരോരി മാൽ കോളജിലെ അസോ പ്രഫ രാകേഷ് പാണ്ഡെയ്ക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി രാഷ്ട്രപതിക്കു കത്തു നല്കി.

കോളജിന്റെ ഭരണപരമായ ചുമതലകളിൽ നിന്ന് അദ്ധ്യാപകനെ അടിയന്തരമായി നീക്കം ചെയ്യണം. അദ്ധ്യാപകൻ ആരോപിച്ച രീതിയിൽ അഡ്‌മിഷൻ നടത്താറില്ലെന്ന് സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രഫസറുടെ അടിസ്ഥാനരഹിതമായ ആരോപണംമൂലം സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികൾക്കെതിരേ അക്രമം ഉണ്ടാകാൻ പോലുമുള്ള സാധ്യതയുണ്ട്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും ഇത്തരത്തിലുള്ള പരാമർശങ്ങൾ നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും പ്രഫ രാകേഷ് എല്ലാ സീമകളും ലംഘിക്കുകയാണു ചെയ്തതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.