മുംബൈ: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട കോളേജുകളിൽ ഒന്നര വർഷത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഓക്ടോബർ 20 മുതലാണ് ക്ലാസുകൾ പുനഃരാരംഭിക്കുക. ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോളേജ് ഹോസ്റ്റലുകൾ ഘട്ടം ഘട്ടമായി തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വാക്‌സിനേഷൻ ക്യാമ്പുകൾ സജ്ജീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ കോളജുകളോട് നിർദേശിച്ചിട്ടുണ്ട്. കോളജുകളിൽ നേരിട്ടെത്താൻ സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് തുടരണമെന്നും ഉദയ് സാമന്ത് പറഞ്ഞു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവർക്ക് മാത്രമേ ക്ലാസുകളിൽ പ്രവേശനമൂള്ളു.

കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ലോക്കൽ ട്രെയിൻ യാത്ര അനുവദിക്കണമെന്ന് സംസ്ഥാനം റെയിൽവേയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായതിനാൽ സംസ്ഥാനം ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്.