- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റി കോളേജിൽ എന്തു ഗാന്ധി? ഇവിടെ എസ്എഫ്‌ഐക്കാർ മാത്രം മതി; ഗാന്ധി സ്മൃതി യാത്രയുമായി ഗാന്ധി നട്ട മാവ് തേടി എത്തിയ മുൻ മന്ത്രിയടങ്ങിയ കോൺഗ്രസ് നേതാക്കളെ ഓടിച്ച് എസ്എഫ്‌ഐ: വി സി കബീർ അടക്കമുള്ള നേതാക്കൾക്ക് മർദ്ദനം
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ ഗാന്ധി സ്മൃതി യാത്ര തടഞ്ഞ് എസ്എഫ്‌ഐ. കെപിസിസി.യുടെ ഗാന്ധിദർശൻ സമിതി നടത്തിയ ഗാന്ധിസ്മൃതി യാത്ര യൂണിവേഴ്സിറ്റി കോളേജിൽ എത്തിയപ്പോഴാണ് എസ്എഫ്‌ഐക്കാർ തടഞ്ഞുവെച്ചതും ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചതും. ഗാന്ധി സ്മൃതി യാത്രയുമായി ഗാന്ധി നട്ട മാവ് തേടി യൂണിവേഴ്സിറ്റി കോളേജിൽ എത്തിയതായിരുന്നു കോൺഗ്രസ നേതാക്കൾ.
എന്നാൽ ഇവരെ കോളേജിൽ പ്രവേശിപ്പിക്കാതെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. കോളേജിനു മുന്നിൽവെച്ച് ജാഥാ ക്യാപ്റ്റനും മുന്മന്ത്രിയുമായ വി സി. കബീർ, ജാഥാംഗങ്ങളായ മുൻ എംഎൽഎ. കെ.എ. ചന്ദ്രൻ, കമ്പറ നാരായണൻ, അച്യുതൻ നായർ, ലീലാമ്മ ഐസക്, വഞ്ചിയൂർ രാധാകൃഷ്ണൻ എന്നിവരെ പ്രവർത്തകർ പിടിച്ചുതള്ളിയതായും പരാതിയുണ്ട്. ഇതിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരുന്ന നേതാക്കളെ ആക്രമിച്ചതായും ഗാന്ധിജിയുടെ ഛായാചിത്രത്തിന്റെ ചില്ലുതകർത്തതായും നേതാക്കൾ ആരോപിച്ചു.
പയ്യന്നൂരിൽനിന്ന് ഒക്ടോബർ രണ്ടിനാണ് 'ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ' എന്ന ഗാന്ധിസ്മൃതിയാത്ര ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ ഗാന്ധിജി നട്ട മാവിന്റെ ചുവട്ടിൽ അനുസ്മരണപരിപാടി നടത്താനാണ് ഇവർ എത്തിയത്. എന്നാൽ, കോളേജിന് മുന്നിൽ വെച്ച് എസ്എഫ്‌ഐക്കാർ ജാഥ തടഞ്ഞു. കോളേജിനുള്ളിൽ പരിപാടി നടത്താനനുവദിക്കില്ലെന്നു പറഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു.
ഇതേത്തുടന്ന് വി സി. കബീറിന്റെ നേതൃത്വത്തിൽ ജാഥാംഗങ്ങൾ കോളേജിനു മുന്നിൽ സത്യാഗ്രഹമിരുന്ന് ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇതോടെ എസ്.എഫ്.ഐ. പ്രവർത്തകർ പുറത്തെത്തി ഇവരുമായി വക്കേറ്റത്തിലേർപ്പെട്ടു. ഉന്തും തള്ളുമുണ്ടായി. പൊലീസെത്തി ജാഥാ അംഗങ്ങളെ എ.ആർ. ക്യാമ്പിലേക്കു മാറ്റി. എസ്.എഫ്.ഐ. പ്രവർത്തകരുടെ നടപടി നാടിന് അപമാനമാണെന്ന് വി സി. കബീർ പിന്നീട് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.
പൊലീസ് തങ്ങളെ അറസ്റ്റുചെയ്ത് ഭക്ഷണംപോലും കഴിക്കാനനുവദിക്കാതെ എ.ആർ. ക്യാമ്പിൽ പിടിച്ചുവെച്ചു. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകും. പ്രതിഷേധപരിപാടികൾ നടത്തും. ജാഥയുടെ ബുധനാഴ്ചത്തെ പരിപാടികൾ മാറ്റിവെച്ചു. യാത്ര വെള്ളിയാഴ്ച വെങ്ങാനൂർ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ