- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
സംസ്ഥാനത്ത് പാസഞ്ചറുകൾ ഉൾപ്പെടെ എല്ലാ റെഗുലർ തീവണ്ടി സർവീസുകളും ഉടൻ പുനരാരംഭിക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ പാസഞ്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ റെഗുലർ തീവണ്ടി സർവീസുകളും ഉടൻ പുനരാരംഭിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ലോക്ഡൗണിന്റെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതും ആളുകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ യാത്ര ദുരിതങ്ങൾ കുറയ്ക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണം. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ നിലവിൽ ജനങ്ങളിൽ നിന്നും ഉയർന്ന യാത്ര നിരക്ക് ഈടാക്കുകയും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രം അനുവദിച്ചുമാണ് സർവീസ് നടത്തുന്നത്. കോവിഡ് ഇളവുകൾ വന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ ട്രെയിനുകൾ നിർത്തലാക്കുകയും സാധാരണ ട്രെയിൻ സർവീസുകൾ സമ്പൂർണമായി പുനരാരംഭിക്കുകയും ചെയ്യണം. തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നതിന് കേരളത്തിൽ നിന്നുള്ള ലോക്‌സഭാ, രാജ്യസഭ എംപിമാരും സംസ്ഥാന സർക്കാറും കേന്ദ്രത്തോട് സമ്മർദ്ദം ചെലുത്തണം.
സീസൺ ടിക്കറ്റുകൾ അനുവദിക്കുന്നുണ്ടെങ്കിലും നിലവിലെ സ്‌പെഷ്യൽ ട്രെയിനുകളിൽ അവ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദീർഘദൂര ട്രെയിനുകളിൽ സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ കമ്പാർട്ട്‌മെന്റും റെയിവെ കൗണ്ടറിൽ നിന്നുള്ള ഓപൺ ടിക്കറ്റും ഇനിയും തടഞ്ഞു വെക്കുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. കൊള്ളലാഭം ലക്ഷ്യംവെച്ച് പത്ത് രൂപയിൽ നിന്നും അൻപതിലേക്ക് വർദ്ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പിൻവലിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


