ബ്രിട്ടീഷ് രാജകുടുംബത്തിന്റെ മുഖമുദ്രതന്നെ രാഷ്ട്രീയ നിഷ്പക്ഷതയാണ്. ആലങ്കാരിക പദവിയാണെങ്കിൽ കൂടി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലവന്മാരായ രാജകുടുംബം ഒരിക്കലും ദേശീയ അന്തർദേശീയ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയാറില്ല. എലിസബത്ത് രാജ്ഞി ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ദത്ത ശ്രദ്ധയുമായിരുന്നു. എന്നാൽ, ഇന്നലെ അവരുടെ ഒരു സ്വകാര്യ സംഭാഷണം ലൈവ് സ്ട്രീമിലൂടെ പുറത്തായത് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖരായ ചില ലോക നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നതായിരുന്നു ആ സംഭാഷണശകലം.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലായിരുന്നു അവർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ധാരാളം സംസാരിക്കുകയും എന്നാൽ അതൊന്നും പ്രവർത്തിയിൽ കാണിക്കാതിരിക്കുകയും ചെയ്യുന്നവർ തന്നെ പ്രകോപിപ്പിക്കുന്നു എന്നായിരുന്നു അവർ പറഞ്ഞത്. കാർഡിഫിൽ വെൽഷ് പാർലമെന്റിന്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു രാജ്ഞി ഈ അഭിപ്രായ പ്രകടനം നടത്തിയത്. കാമില രാജകുമാരിയോടും പാർലമെന്റ് അദ്ധ്യക്ഷൻ എലിൻ ജോൺസനോടുമായി നടത്തിയ സ്വകാര്യ സംഭാഷണം ചടങ്ങുകളുടേ ലൈവ് സ്ട്രീമിലൂടെയാണ് പുറത്തുവന്നത്.

രാജ്ഞിയും മറ്റു മുതിർന്ന രാജകുടുംബാംഗങ്ങളും പങ്കെടുക്കാൻ ഇരിക്കുന്ന, ഗ്ലാസ്ഗോയിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോപ്26 നെ കുറിച്ചുള്ള സംസാരത്തിലായിരുന്നു ഈ അഭിപ്രായം പുറത്തുവന്നത്. തികച്ചും അസാധാരണം.... ഞാൻ കോപ്26 നെ കുറിച്ച് എല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്.... എന്നാലും ആരെല്ലാം പങ്കെടുക്കും എന്നതിനെ കുറിച്ച് ഒരു അറിവുമില്ല , രാജ്ഞി പറയുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടയില്ലാത്തവരെ കുറിച്ചു മാത്രമാണ് അറിവുള്ളതെന്നും അവരൊക്കെ ധാരാളം സംസാരിക്കുകയും എന്നാൽ, പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് തന്നെ പ്രകോപിതയാക്കുന്നു എന്നുമാണ് രാജ്ഞി പിന്നീട് പറഞ്ഞത്.

ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുകയായിരുന്നു എലിൻ ജോൺസും. രാവിലെ നടന്ന ഒരു ടെലിവിഷൻ പരിപാടിയിൽ, ബഹിരാകാശത്തേക്ക് പോകുന്നതിൽ കാര്യമില്ലെന്നും, ആദ്യം നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ശ്രമിക്കണമെന്ന് വില്യം രാജകുമാരൻ പറഞ്ഞത് അവർ രാജ്ഞിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. താൻ അതിനെ കുറിച്ച് അറിഞ്ഞു എന്ന് രാജ്ഞിയും മറുപടി നൽകി. രാഷ്ട്രീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്ന രാജ്ഞിയുടെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള താത്പര്യമാണ് ഈ സംഭാഷണത്തിലൂടെ പുറത്തുവന്നത്.

2014-ലെ സ്‌കോട്ടിഷ് റെഫറണ്ടത്തിന്റെ സമയത്ത്, ആളുകൾ തങ്ങളുടെ ഭാവി ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കും എന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്ഞി പറഞ്ഞത് വോട്ടിംഗിനെ സ്വാധീനിക്കുവാനാണെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ, ഇന്നലെ സംസാരമുണ്ടായത് ഒരു പൊതുവേദിയിൽ ആയിരുന്നെങ്കിൽ കൂടിയത് തീർത്തും ഒരു സ്വകാര്യ സംഭാഷണമായിരുന്നു. ഒക്ടോബർ 31 ന് ആരംഭിക്കാനിരിക്കുന്ന കോപ് 26 ൽ ഇനിയും പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കാത്ത ലോകനേതാക്കളിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡണ്ട് ജെയ്‌ര് ബൊൽസോനാരോ എന്നിവരുൾപ്പെടുന്നു.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന കാര്യം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാതെ മകൻ ചാൾസ് രാജകുമാരൻ വഴിയായിരുന്നു രാജ്ഞി ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും, എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു വിഷയമായിരുന്നു പരിസ്ഥിതി സംരക്ഷണം. കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പാർലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴും അവർ ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയെ കുറിച്ച് പറഞ്ഞിരുന്നു.

അറിയാതെ വീണുകിട്ടിയ രാജ്ഞിയുടെ വാക്കുകൾ ബ്രിട്ടീഷ് മാധ്യമങ്ങൾ ആഘോഷമാക്കുമ്പോൾ ചില കോണുകളിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയാതിരിക്കുക എന്ന ബ്രിട്ടീഷ് രാജകൊട്ടാരത്തിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടുകയാണ് വിമർശകർ. എന്നാൽ, ഒരു പ്രകൃതി സ്നേഹിക്ക് ഉണ്ടാകുന്ന സ്വാഭാവിക വേദനയായി മാത്രം ഇതിനെ കണ്ടാൽ മതി എന്നാണ് രാജ്ഞിയെ അനുകൂലിക്കുന്നവർ പറയുന്നത്. ബക്കിങ്ഹാം കൊട്ടാരം ഇതിനെ കുറിച്ച് നിശബ്ദത പാലിക്കുകയാണ്.