ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞിട്ടും നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ പത്തൊൻപതുകാരൻ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം. രാമരാജാണ് (19) മരിച്ചത്. കാമുകി പ്രസവിച്ചതിന് പിന്നാലെ നാട്ടുകൂട്ടം കല്ല്യാണം ഉറപ്പിച്ചതോടെ മാനസികമായി തകർന്ന യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.

രാമരാജ് ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി നാളുകളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകി. ഇതേത്തുടർന്ന് വീട്ടുകാർ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്. കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.

എന്നാൽ, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏർപ്പാടുകളുമായി മുന്നോട്ടുപോയി. ഈനിലയിൽ കഴിഞ്ഞദിവസം രാമരാജ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.