താന്ധത മനസ്സിനെ ബാധിച്ചാൽ അവിടെ മനുഷ്യത്വം മരിക്കും എന്നതിന് മറ്റൊരുദാഹരണമായി മാറുകയാണ് നോർവേയിലെ കൊലപാതക പരമ്പര. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത എസ്പെൻ ആൻഡേഴ്സൺ ബ്രാതേൻ എന്ന നോർവീജിയൻ വംശജൻ നഗരത്തിലാകെ ഓടിനടന്ന് നിഷ്‌കളങ്കരും നിരപരാധികളുമായവരെ അമ്പെയ്ത് വീഴ്‌ത്തിയപ്പോൾ മരിച്ച അഞ്ചുപേരിൽ നാലും സ്ത്രീകളാണെന്ന വാർത്ത പുറത്തുവരുന്നു. താൻ അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്ന് സംഭവം നടക്കുന്നതിനു മുൻപ് അപ്ലോഡ് ചെയ്ത ഒരു വീഡിയോയിൽ ബ്രാതേൻ പറഞ്ഞിരുന്നു.

മരണമടഞ്ഞവരിൽ പ്രമുഖ നോർവീജിയൻ ചിത്രകാരിയായ ഹന്നെ എംഗ്ലണ്ടും ഉൾപ്പെടുന്നു. സ്വന്തം വീടിന് മുൻപിൽ വച്ചാണ് ഇവർ നിഷാദശരമേറ്റ് വീണത്. ഇവരെ കൂടാതെ മറ്റു മൂന്നു സ്ത്രീകളും ഒരു പുരുഷനും ഈ മതാന്ധന്റെ അക്രമത്തിനു കീഴടങ്ങി ജീവൻ വെടിഞ്ഞവരിൽ ഉൾപ്പെടുന്നു. അതുകൂടാതെ മറ്റു മൂന്നുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്. ഏകദേശം അരമണിക്കൂർ നേരത്തോളമാണ് ഈ അക്രമി നഗരത്തിലെ തെരുവുകളിൽ അമ്പും വില്ലുമായി അഴിഞ്ഞാടിയത്.

അക്രമ പരമ്പര ആരംഭിച്ച കൂപ്പ് സൂപ്പർമാർക്കറ്റിൽ നിന്നും അല്പം മാറിയുള്ള വീട്ടിലായിരുന്നു സെറാമിക് കലാകാരിയായ എംഗ്ലണ്ട് തന്റെ ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. വീടിനോട് അനുബന്ധിച്ചുള്ള ഒരു സ്റ്റുഡിയോയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ കേട്ടിരുന്നതായി അവരുടെ അയൽവാസി അറിയിച്ചു. പൊലീസും ഫയർ ഫോഴ്സുമെല്ലാംസംഭവസ്ഥലത്ത് എത്തിയിരുന്നു. പാരാമെഡിക്സും എത്തി ശുശ്രൂഷ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല.

അക്രമിയായ ബ്രാതേനെ ഏകദേശം ഒരു വർഷം മുൻപും പൊലീസ് ചോദ്യം ചെയ്തിരുന്നു. മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതിനായിരുന്നു അത്. ഇയാളെ രണ്ടു പൊലീസുകാർ ചോദ്യം ചെയ്യുന്ന ഒരുചിത്രം അയൽവാസി എടുത്തിരുന്നു. അത് എന്തിനാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീറ്റ് മനസ്സിലായത് ഇയാൾ വധഭീഷണി മുഴക്കിയതിനെ തുടർന്ന് ഇയാളുടെ പിതാവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് അവർ എത്തിയതെന്നാണ്.

ഇപ്പോൾ കസ്റ്റഡിയിലുള്ള ഇയാൾ കുറ്റം സമ്മതിച്ചു എന്നാണറിവ്. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഇയാൾ ക്രമേണ ഒരു മത മൗലികവാദിയും പിന്നീട് തീവ്രവാദിയും ആയി മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അമ്പും വില്ലുമായാണ് ബ്രാതെൻ അക്രമം ആരംഭിച്ചതെങ്കിലും ഇയാൾ മറ്റ് രണ്ട് ആയുധങ്ങൾ കൂടി കരുതിയിരുന്നതായി പൊലീസ് പറയുന്നു. മരണമടഞ്ഞവരിൽ ചിലർ തെരുവുകളിലാണ് മരിച്ചതെങ്കിൽ മറ്റുള്ളവർ അവരുടെ വീടുകളിൽ വച്ചായിരുന്നു കൊല്ലപ്പെട്ടത്.

മാനസിക സ്ഥിരതയില്ലാത്ത ഒരു ഏകാന്ത ജീവി എന്നാണ് അയൽക്കാർ ബ്രാതെനെ വിശേഷിപ്പിച്ചത്. ധാരാളം ആയുധങ്ങൾ കൈവശമുള്ള അയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ജോലിക്കൊന്നും പോയിരുന്നില്ല എന്നു മാത്രമല്ല, തന്റെ ഫ്ളാറ്റ് വിട്ട് പുറത്തിറങ്ങാറുമില്ലെന്നും അവർ പറയുന്നു. കുടുംബത്തിൽ നിന്നൊക്കെ അകന്നു കഴിയുന്ന ഇയാൾക്ക് ധാരാളം മാനസിക പ്രശ്നങ്ങളുണ്ടെന്നും മയക്കുമരുന്ന് കഴിക്കാറുണ്ടെന്നും അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

കൂപ്പ് സൂപ്പർമാർക്കറ്റിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് ഇയാൾ താമസിക്കുന്ന വീട്. അയൽക്കാരുമായി ബന്ധം പുലർത്താത്ത ഇയാൾ അടുത്തിടെ അടുത്ത് താമസിക്കുന്ന ദമ്പതികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായും പറയപ്പെറ്റുന്നു. ധാരാളം കുറ്റകൃത്യങ്ങൾ ചെയ്ത ഒരു ഭൂതകാലമാണ് ഇയാൾക്കുള്ളത്. കഴിഞ്ഞ വർഷം മെയ്‌ മാസത്തിൽ ഇയാൾ സ്വന്തം പിതാവിന്റെ വീട്ടിൽ ഒരു തോക്കുമായി കയറിച്ചെന്ന് അയാളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

50 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള നാല് സ്ത്രീകളും ഒരു പുരുഷനുമാണ് ഇയാളുടെ ഇരകൾ. ഡ്യുട്ടിയിൽ ഇല്ലാതിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മറ്റു മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.