കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥനു സസ്പെൻഷൻ . മാൻപവർ അഥോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസയെയാണ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു മന്ത്രി സഭാ തീരുമാന പ്രകാരം ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.2020 സെപ്റ്റംബറിലാണ് സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അഥോറിറ്റി ഉത്തരവിറക്കിയത്.

ഇതോടെ നാലായിരത്തോളം പ്രവാസികൾക്ക് കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നിരുന്നു .എന്നാൽ മാൻ പവർ അഥോറിറ്റിയുടെ തീരുമാനത്തിന് നിയമപരമായ സാധുത ഇല്ലെന്ന് ഫത്വ ലെജിസ്ലേഷൻ സമിതി കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടതോടെ നിയമം സ്വമേധയാ റദ്ധാകുകയായിരുന്നു.ഇതേ തുടർന്നാണ് കൂടിയാലോചനകൾ നടത്താതെ തെറ്റായ തീരുമാനം എടുത്ത ഡയറക്ടറെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്

60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഏത് സാഹചര്യത്തിലാണു കൈകൊണ്ടതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അധികാര പരിധിക്ക് പുറത്ത് നിന്നുകൊണ്ട് ചെയ്തതാണെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്നാണ് ഇപ്പോഴത്തെ സസ്പെൻഷൻ